കേരള ബാങ്കിനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍

Spread the love

2022-23 സാമ്പത്തിക വര്‍ഷത്തെ നബാര്‍ഡ് ഇന്‍സ്‌പെക്ഷന്‍ പ്രകാരം കേരള ബാങ്കിന്റെ ക്ലാസ്സിഫിക്കേഷന്‍ നിലവിലെ ബി യില്‍ നിന്നും സി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. നബാര്‍ഡിന്റെ Credit Monitoring Arrangement (CMA) വ്യവസ്ഥകള്‍ പ്രകാരം, സി ഗ്രേഡ് റേറ്റിംഗ് ഉള്ള ബാങ്കുകള്‍ക്ക് അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം രൂപ മാത്രമാണ്. ആ പരിധിയിലേക്ക് കേരള ബാങ്ക് മാറിയിരിക്കുകയാണ്.

കേരള ബാങ്ക് മെമ്പര്‍ സൊസൈറ്റികളില്‍ വര്‍ഷാവര്‍ഷം ഇന്‍സ്‌പെക്ഷന്‍ നടത്തുന്നില്ല, ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി (NPA) 11 ശതമാനത്തിന് മുകളിലേക്ക് പോയി, ഭരണസമിതിയില്‍ പ്രൊഫഷണലുകള്‍ ഇല്ല, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പകള്‍ കിട്ടാക്കടമായി മാറുന്നു തുടങ്ങിയ നിരീക്ഷണങ്ങളാണ് നബാര്‍ഡ് നടത്തിയിട്ടുള്ളത്.

ജില്ലാ ബാങ്കുകള്‍ ലയിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് മുന്‍പ് ഒരു തവണ മാത്രമാണ് വയനാട് ജില്ലാ ബാങ്ക് സി കാറ്റഗറി ആയത്. അല്ലാതെ ഒരു ജില്ലാ ബാങ്കുകളും സി കാറ്റഗറിയില്‍ ആയിട്ടില്ല. ലാഭത്തിലായിരുന്ന ജില്ലാ ബാങ്കുകളെ നഷ്ടത്തിലായ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് ഉണ്ടാക്കിയിരിക്കുന്നത്.

സഹകരണ ബാങ്കുകള്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തൃശൂരില്‍ മാത്രമല്ല പല ബാങ്കുകളും അടുച്ചുപൂട്ടലിന്റെ അവസ്ഥയിലാണ്. ഈ സമയത്തൊന്നും കേരള ബാങ്കിന് സഹായിക്കാന്‍ പറ്റുന്നില്ല. തൃശൂര്‍ ജില്ലാ സഹകരണ ബാങ്കി നിലവിലുണ്ടായിരുന്നെങ്കില്‍ കരുവന്നൂരിലെ പ്രതിസന്ധി 24 മണിക്കൂറിനകം പരിഹരിച്ച് നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള ഗ്യാരന്റി സ്‌കീം നടപ്പാക്കാമായിരുന്നു. റിസര്‍വ് ബാങ്കിന്റെ കക്ഷത്തില്‍ കേരള ബാങ്കിന്റെ തല ഇരിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളിലൊന്നും കേരള ബാങ്കിന് ഇടപെടാനാകുന്നില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമെ കേരള ബാങ്കിന് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാകൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ത്തിരുന്നതാണ്. സഹകരണ ബാങ്കുകളെയും നിക്ഷേപകരെയും സഹായിക്കാന്‍ കഴിയാത്ത അവസ്ഥയ്ക്ക് പുറമെയാണ് കേരള ബാങ്കിനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയിരിക്കുന്നത്. ഇത് ഗൗരവകരമായി കൈകാര്യം ചെയ്തില്ലെങ്കില് സഹകരണ മേഖല കൂടുതല്‍ അപകടത്തിലേക്ക് പോകും.

Author

Leave a Reply

Your email address will not be published. Required fields are marked *