അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍( 10/07/2024)

Spread the love

കടല്‍ക്ഷോഭം രൂക്ഷമായ എടവനക്കാട് തീരപ്രദേശത്ത് കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കുന്നതിനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍( 10/07/2024).

എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമപഞ്ചായത്തിന്റെ തീരദേശ മേഖലയിലെ ഇരുന്നൂറില്‍പ്പരം കുടുംബങ്ങള്‍ സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുകയാണ്. രൂക്ഷമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയും റോഡുകള്‍ തകര്‍ന്നും ജനജീവിതം സാധ്യമാകാത്ത സാഹചര്യത്തിലേക്ക് ഈ പ്രദേശം മാറിയിരിക്കുന്നു. പി.ഡബ്ല്യു.ഡി റോഡ് പൂര്‍ണ്ണമായും മണ്ണ് മൂടിപ്പോയതിനാല്‍ ഗതാഗത സൗകര്യം ഇല്ലാതായിരിക്കുകയാണ്. അസുഖം വന്നാലോ എന്തെങ്കിലും അപകടം ഉണ്ടായാലോ വേഗത്തില്‍ ആശുപത്രികളിലെത്തിക്കുവാന്‍ കഴിയുന്ന സാഹചര്യം പോലും നിലവിലില്ല. ഗര്‍ഭിണികളും മറ്റും എട്ടുമാസം ആകുമ്പോള്‍ ഈ പ്രദേശത്തു നിന്നും താമസം മാറി പോകുന്ന സാഹചര്യമാണുള്ളത്. പ്രായമായവരും കിടപ്പ് രോഗികളും വലിയ ദുരിതമനുഭവിക്കുകയാണ്. ഈ പ്രദേശം സന്ദര്‍ശിച്ച് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

ഇടവനക്കാട് പ്രദേശത്ത് ഉണ്ടായിരുന്ന കടല്‍ഭിത്തി 2004-ലെ സുനാമി ദുരന്തത്തില്‍ തകര്‍ന്നു. തുടര്‍ന്ന് ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഈ പ്രദേശത്ത് 13 പുലിമുട്ടുകള്‍ സ്ഥാപിച്ചുകൊണ്ട് കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. ഇടവനക്കാട് പഞ്ചായത്തിന് ലഭിച്ച 12.5 കോടിയുടെ സ്‌പെഷല്‍ പാക്കേജില്‍ നിന്നുള്ള തുക വിനിയോഗിച്ച് ഗ്രാമപഞ്ചായത്ത് രണ്ടു പുലിമുട്ടുകള്‍ പണിഞ്ഞു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ നാല് പുലിമുട്ടുകള്‍ കൂടി പണിഞ്ഞു. പിന്നീട് ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല.

13 പുലിമുട്ടുകള്‍ ആവശ്യമുള്ള സ്ഥലത്ത് ആറ് പുലിമുട്ടുകള്‍ മാത്രം രണ്ടു വശത്തായി പണിതപ്പോള്‍ നടുഭാഗത്ത് വരുന്ന പതിമൂന്നാം വാര്‍ഡിന്റെ ഭാഗത്ത് കടലേറ്റം അതിരൂക്ഷമായി. കടല്‍ ജലം 500 മീറ്ററോളം മുന്നോട്ടു ഒഴുകി യമരസ ംമലേൃ ഭാഗത്തു എത്തി അവിടെ ജലനിരപ്പു ഉയരുകയും അതിനുചുറ്റുമുള്ള പ്രദേശങ്ങളിലെ വീടുകളും കൂടി വെള്ളത്തില്‍ മുങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലത്ത് വേലിയേറ്റം ഉണ്ടാകുമ്പോള്‍ ജലനിരപ്പ് ഉയരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ വലിയ കുടിവെള്ളക്ഷാമവും തീരമേഖലയില്‍ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനും ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമുള്ള നടപടികള്‍ കൂടി സര്‍ക്കാര്‍ സ്വീകരിക്കണം.

കടല്‍ക്ഷോഭം തടയുന്നതിനായി ജലസേചന വകുപ്പ് ജിയോ ബാഗുകള്‍ സ്ഥാപിച്ചു എങ്കിലും ഇത് ഫലപ്രദമായിരുന്നില്ല. കടല്‍ ഭിത്തി ഉള്ള സ്ഥലങ്ങളില്‍ അതിനു പിന്നിലായി ജിയോ ബാഗുകള്‍ സ്ഥാപിക്കുമ്പോള്‍ വെള്ളം ഒഴുക്ക് തടയുവാന്‍ സാധിക്കും. എന്നാല്‍ കടല്‍ഭിത്തി ഇല്ലാത്ത ഈ പ്രദേശത്ത് നേരിട്ട് ജിയോ ബാഗുകളിലേക്ക് കടല്‍ ഇരച്ചു കയറുമ്പോള്‍ ബാഗുകള്‍ പൊട്ടി പലവഴിക്ക് ഒഴുകി പോവുകയാണ്.

തീരസദസ് പരിപാടിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ടെട്രാ പോഡ് ഉപയോഗിച്ച് കടല്‍ഭിത്തി, റോഡ് മെയിന്റനന്‍സ്, സമാന്തര റോഡ് നിര്‍മ്മാണം എന്നിവയ്ക്കായി 56.46 കോടി രൂപയുടെയും പുലിമുട്ട് നിര്‍മ്മാണത്തിനായി ഒരു പുലിമുട്ടിന് 1.25 കോടി രൂപ വീതം ഉള്ള പ്രൊജക്റ്റും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പി.ഡബ്ല്യു.ഡി റോഡിന്റെ മെയിന്റനന്‍സിന് മാത്രമാണ് ടെന്‍ഡര്‍ നല്‍കിയത്. ടെന്‍ഡര്‍ ഏറ്റെടുത്ത ആള്‍ കടല്‍ഭിത്തി തകര്‍ന്ന ഈ പ്രദേശത്തിന് മുന്‍പ് വെച്ച് റോഡ് നിര്‍മ്മാണം രണ്ടു വശത്തും അവസാനിപ്പിച്ചു. മണല്‍ നീക്കുന്നതിനും മറ്റുമുള്ള അധിക ചെലവുകള്‍ നിര്‍വഹിക്കുവാന്‍ കഴിയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് കരാറുകാരന്‍ പിന്മാറിയത്. മണല്‍മൂടി തകര്‍ന്നു കിടക്കുന്ന റോഡിന്റെ പുനര്‍നിര്‍മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ മണല്‍ നീക്കുന്നതിനുള്ള ഘടകങ്ങള്‍ പോലും ഉള്‍പ്പെടുത്തിയില്ല എന്നത് ഈ മേഖലയിലെ ജനങ്ങളുടെ ദുരന്തത്തെ സര്‍ക്കാര്‍ എത്ര ലാഘവ ബുദ്ധിയോടെ കണ്ടു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ഈ മേഖലയിലെ ദ്വീപുകളുടെ വികസനത്തിനായി രൂപീകരിച്ചിട്ടുള്ള ഗോശ്രീ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഏതാണ്ട് നിലച്ചിരിക്കുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ അതോറിറ്റിയുടെ യോഗങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ നാലു തവണ മാത്രമാണ് ചേര്‍ന്നിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് 5 വര്‍ഷത്തില്‍ 27 പ്രാവശ്യം യോഗം ചേരുകയും പ്രദേശത്തെ പല വികസന പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി മുഖ്യമന്ത്രിയുടെ സമയക്കുറവ് മൂലം ഗോശ്രീ വികസന അതോറിറ്റിയുടെ യോഗങ്ങള്‍ ചേരുവാന്‍ കഴിയുന്നില്ല. ഗോശ്രീ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്ക് ഉണ്ടായിരുന്ന പ്രാതിനിധ്യം ഒഴിവാക്കിക്കൊണ്ട് അതിനെ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തു. അതോറിറ്റിയുടെ ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചാല്‍ ഈ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നിരിക്കെ ജനങ്ങള്‍ ദുരിതക്കയത്തില്‍ ആയിരിക്കുമ്പോഴും സര്‍ക്കാര്‍ അത്തരത്തില്‍ യാതൊരു പരിശ്രമവും നടത്തുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം പഞ്ചായത്ത് ഉള്‍പ്പെടെ കടല്‍ ഭിത്തി തകര്‍ന്നതിനാല്‍ രൂക്ഷമായ കടലേറ്റം മൂലം സമാന രീതിയിലുള്ള ദുരിതമനുഭവിക്കുന്ന നിരവധി തീരദേശ മേഖലകള്‍ സംസ്ഥാനത്തുണ്ട്. ഇക്കാര്യത്തില്‍ സമഗ്രവും ശാശ്വതമായ പരിഹാരത്തിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

എടവനക്കാട് തീരമേഖലയില്‍ ടെട്രാപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കുന്നതിനും ഐഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രകാരം പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനും കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളും റോഡും പുനര്‍ നിര്‍മ്മിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *