പത്തനംതിട്ട ജസ്റ്റിൻ ഹോമിൽ അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഒമ്പത് പെൺകുട്ടികളെ നിക്കോൾസൺ സ്‌കൂളിലും, 19 ആൺകുട്ടികളെ കൊല്ലം സർക്കാർ ഹോമിലേയ്ക്കും മാറ്റിയതായി ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ എൻ. സുനന്ദ, കെ.കെ.ഷാജു എന്നിവർ നിക്കോൾസൺ സിറിയൻ സെൻട്രൽ സ്‌കൂളിൽ സന്ദർശനം നടത്തിയപ്പോഴാണ് അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ ജസ്റ്റിൻ ഹോമിൽ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്. സ്ഥാപനത്തിൽ കുട്ടികൾ സുരക്ഷിതരല്ലായെന്ന് കണ്ടെത്തിയ കമ്മിഷൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, പൊലീസ് എന്നിവർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. മണിപ്പൂരി കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കണമെന്നുള്ള മണിപ്പൂർ ബാലാവകാശ കമ്മിഷന്റെ ആവശ്യത്തെ ടുർന്നാണ് കമ്മിഷന്റെ ഇടപെടൽ.