രജിസ്‌ട്രേഷന്‍ വകുപ്പില്‍ ദുരൂഹ പണമിടപാടുകള്‍ എന്ന വാര്‍ത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് രജിസ്‌ട്രേഷന്‍ ഐ. ജി അറിയിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ മുഖാന്തിരം ഇ-പേയ്‌മെന്റ് സൗകര്യമുപയോഗിച്ചോ ട്രഷറിയില്‍ നേരിട്ടോ സേവനങ്ങളുമായി ബന്ധപ്പെട്ട തുക അടയ്ക്കാന്‍ സാധിക്കും. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ഓഫീസില്‍ നിന്നും നേരിട്ട് യു.പി.ഐ, ക്യൂ.ആര്‍ കോഡ് സൗകര്യങ്ങള്‍ ഉപയോഗിച്ച് വകുപ്പിന്റെ പോര്‍ട്ടല്‍ വഴി തുക സ്വീകരിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
ആധാര രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് ടോക്കണ്‍ എടുക്കുന്ന വേളയില്‍ ഇ-പേയ്‌മെന്റ് മുഖേന തുക ഒടുക്കിയാല്‍ മാത്രമെ ആധാരം രജിസ്‌ട്രേഷനായി സമര്‍പ്പിക്കുവാന്‍ കഴിയുകയുള്ളു. ഇതു കൂടാതെ മുന്‍ആധാരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത എട്ട് ജില്ലകളിലെ ഭൂരിഭാഗം ആധാരങ്ങളുടെയും പകര്‍പ്പുകള്‍ ഓണ്‍ലൈനായാണ് ലഭ്യമാക്കി വരുന്നത്. ഈ ഇടപാടുകള്‍ക്കും ഇപേയ്‌മെന്റ് വഴിയാണ് തുക അടയ്ക്കുന്നത്. ഈയാവശ്യങ്ങള്‍ക്കുള്ള തുക സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് പണമായി സ്വീകരിക്കുവാന്‍ കഴിയില്ല.
സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഫയലിംഗ് ഷീറ്റുകളുടെ വില, വാസസ്ഥല അപേക്ഷ ഫീസ്, ഡിജിറ്റൈസ് ചെയ്യാത്ത മുന്‍ആധാരങ്ങളുടെ പകര്‍പ്പ് ഫീസ്, ആധാരമെഴുത്ത് ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള ഫീസ്, ജി.എസ്.റ്റി, ചിട്ടി ഫീസ് എന്നീ ചെറിയ തുക ഫീസായി വരുന്ന ഇനങ്ങള്‍ മാത്രമാണ് നേരിട്ട് പണമായി സ്വീകരിക്കാറുള്ളത്. ഇവയൊഴികെയുള്ള എല്ലാ ഇടപാടുകള്‍ക്കും ഇ-പേയ്‌മെന്റ്, യു.പി.ഐ, ക്യൂ.ആര്‍ കോഡ് സൗകര്യങ്ങള്‍ ഉപയോഗിച്ച് തുക അടയ്ക്കാനുള്ള സൗകര്യം നിലവിലുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരിശോധിച്ചതില്‍ നാമമാത്രമായ ഓഫീസുകളിലാണ് ഇ-പോസ് മെഷീനുകള്‍ തകരാറിലുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇങ്ങനെ തകരാറിലാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഇ-പേയ്‌മെന്റ് സൗകര്യം ഒരുക്കുന്ന ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് പരിഹരിക്കുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്നു വരുന്നത്. ഇ-പോസ് മെഷീനുകള്‍ തകരാറിലാകുന്ന സാഹചര്യത്തില്‍ മേല്‍ വിവരിച്ച ചെറിയ തുക ഫീസായി ഒടുക്കേണ്ട ഇടപാടുകള്‍ക്ക് നേരിട്ട് പണമായി സ്വീകരിക്കാറുമുണ്ട്. ഇ-പോസ് തകരാറിലാകുന്ന ഓഫീസുകളില്‍ നേരിട്ട് പണം ഒടുക്കുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ അറിയിച്ചതിന് ശേഷം വകുപ്പിന്റെ വെബ് പോര്‍ട്ടലില്‍ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യം ഒരുക്കിയാല്‍ മാത്രമെ നേരിട്ട് പണം സ്വീകരിക്കുവാനും കഴിയുകയുള്ളു. ഇക്കാര്യത്തില്‍ സബ് രജിസ്ടാര്‍മാര്‍ക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ കഴിയില്ല. ഇതുകൂടാതെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സ്വീകരിക്കുന്ന പണം ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രഷറിയില്‍ അടയ്ക്കുന്നതെന്നും തെറ്റായ വിവരമാണ്. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സ്വീകരിക്കുന്ന പണം തൊട്ടടുത്ത പ്രവൃത്തി ദിവസം ബന്ധപ്പെട്ട ട്രഷറിയിലോ ബാങ്കിലോ ഒടുക്കുന്നതിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധന അതാത് ജില്ലാ രജിസ്ട്രാര്‍മാര്‍ നടത്താറുണ്ട്. ഇ പോസ് മെഷീനുകള്‍ സ്ഥാപിച്ചതില്‍ ശ്രീമൂല നഗരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാത്തതു കാരണം ഇ പോസ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാറില്ല. വിമാനത്താവള പരിസരത്തായതിനാലാണിതെന്നും രജിസ്‌ട്രേഷന്‍ ഐ ജിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കി.