വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നും അവിടെ ചരക്ക് കപ്പലടുക്കുമ്പോള്‍ അവയെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിന്റെ എംപിയേയും വിളിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബേബിയാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തും. ആരോപണങ്ങളും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ത്തി വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച പിണറായി വിജയനും കൂട്ടരുമാണ് ഇന്നിപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. ഇത് പരിഹാസ്യമാണ്. വിഴിഞ്ഞം പദ്ധതിയില്‍ യുഡിഎഫിന്റെ പങ്ക് സമ്മതിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് അസഹിഷ്ണുതയാണ്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ചിരുന്നു.നാടിന്റെ വികസനത്തിന് യുഡിഎഫ് എതിരല്ലെന്നും അതിനാല്‍ പരിപാടി ബഹിഷ്കരിക്കാന്‍ അഹ്വാനം ചെയ്തിട്ടില്ലെന്നും എം.എം.ഹസ്സന് വ്യക്തമാക്കി.