വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് റോഡിലൂടെയുള്ള ചരക്ക് നീക്കത്തേക്കാൾ ട്രാൻഷിപ്പ്മെന്റിനാണ് പരിഗണനയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം മന്ത്രി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. നിരവധി മന്ത്രിമാർ വിഴിഞ്ഞം പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരെയെല്ലാം തുറമുഖം കമ്മിഷൻ ചെയ്യുന്ന അവസരത്തിൽ ക്ഷണിക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം നൽകാനുള്ളവർക്കെല്ലാം അത് നൽകും. വിഴിഞ്ഞം തുറമുഖത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ട് കേന്ദ്രം നൽകാനുണ്ട്. ഈ മാസം തുക നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുറമുഖത്തെത്തുന്ന സാൻ ഫെർണാണ്ടോ കപ്പലിൽ നിന്ന് 1960 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കുമെന്ന് മന്ത്രി പറഞ്ഞു.