ചരിത്ര പ്രാധാന്യമുള്ള പൊതുരേഖകള്‍ നശിപ്പിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ നിര്‍ദ്ദേശിക്കുന്ന പുതിയ നിയമം നിയമസഭയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി അവതരിപ്പിച്ചു. പുരാരേഖകളും അങ്ങനെ പ്രഖ്യാപിച്ചവയും നശിപ്പിച്ചാല്‍ ശിക്ഷിക്കാം. ഇവ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോകുന്നതും കുറ്റമാണ്.
സംസ്ഥാനത്തെ പുരാവസ്തു സ്മാരകങ്ങളുടെയും ശേഷിപ്പുകളുടെയും സംരക്ഷണം, പരിപാലനം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 1968ലെ പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് നിലവിലുണ്ടെങ്കിലും പ്രാധാന്യമുള്ള പുരാരേഖകളും പൊതുരേഖകകളും സംരക്ഷിക്കുന്നതിന് സംസ്ഥാനത്ത് നിയമം നിലവിലില്ല. നിലവില്‍ 1976ലെ ചരിത്രരേഖാ നയ തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മാത്രമാണ് ഉള്ളത്. കേന്ദ്രസര്‍ക്കാര്‍ 1993ല്‍ പാസാക്കിയ പബ്ലിക് റിക്കാര്‍ഡ് ആക്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് പുതിയ ബില്ല്. പ്രാധാന്യമുള്ള പൊതുരേഖകളുടെ സംരക്ഷണം നിയമം മൂലം ഉറപ്പാക്കുന്നതാണ് ബില്ലിലെ ഉള്ളടക്കം.
പൊതുരേഖകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണം, നടത്തിപ്പ്, മേല്‍നോട്ടം, നിയന്ത്രണം എന്നീ കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനുള്ള അധികാരം പൊതുരേഖകള്‍ സംസ്ഥാനത്തിനു വെളിയില്‍ കൊണ്ടു പോകുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, റിക്കാര്‍ഡ് ഓഫീസര്‍മാരുടെ ചുമതലകള്‍. പൊതുരേഖകള്‍ നശിപ്പിക്കലും തീര്‍പ്പാക്കലും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, സ്വകാര്യ സ്രോതസ്സുകളില്‍ നിന്നും രേഖകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ബില്ലിന്റെ ഭാഗമാണ്.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ശാശ്വത മൂല്യമുള്ള രേഖകള്‍ 25 വര്‍ഷം കഴിയുമ്പോള്‍ പുരാരേഖ വകുപ്പിന് കൈമാറണമെന്ന് ബില്ലില്‍ വ്യവസ്ഥചെയ്യുന്നതോടൊപ്പം നിയമലംഘനവുമായി ബന്ധപ്പെട്ട ശിക്ഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ കമ്മീഷനുകളുടെയും കമ്മിറ്റികളുടെയും രേഖകള്‍ സംരക്ഷിക്കാന്‍ റെക്കാര്‍ഡ്‌സ് മാനേജ്മെന്റ് സംവിധാനം ഉണ്ടാക്കുമെന്ന് ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. രേഖകള്‍ പുരാരേഖ വകുപ്പിന് കൈമാറുക, റെക്കാഡ് റൂമുകള്‍ സ്ഥാപിക്കുക, രേഖകള്‍ ഉന്മൂലനം ചെയ്യുക, റിറ്റെന്‍ഷന്‍ പട്ടിക തയ്യാറാക്കുക തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. രേഖകളുടെ അധികാരിയായി സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടറെ നിയോഗിക്കും. രേഖകളുടെ പരിപാലനത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ആര്‍ക്കൈവല്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടു.