പാലക്കാട്, ജൂലൈ 13, 2024: ശ്രീ കുറുംമ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എല്ലാ വർഷവും നടത്തിവരാറുള്ള സ്ത്രീധനരഹിത സാമൂഹികവിവാഹചടങ്ങുകൾ ഇക്കൊല്ലവും ഭംഗിയായി പൂർത്തിയാക്കി. തുടർച്ചയായ 14 വർഷക്കാലമായി തുടർന്നുവരുന്ന ഈ മംഗളകർമത്തിന് നേതൃത്വം നൽകുന്നത് 1994 ൽ പി.എൻ.സി മേനോനും അദ്ദേഹത്തിന്റെ പത്നി ശോഭ മേനോനും ചേർന്ന് സ്ഥാപിച്ച ജീവകാരുണ്യപ്രവർത്തന ട്രസ്റ്റാണ്. 2008 മുതൽ തുടർന്നുവരുന്ന സാമൂഹികവിവാഹത്തിന്റെ പതിനാലാം പതിപ്പിന് ജൂലൈ 13ന് പാലക്കാട് ജില്ലയിലെ മൂലംകോട് വേദിയായി. ശോഭ ലിമിറ്റഡ് കമ്പനിയുടെ സാമൂഹികപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് എല്ലാക്കൊല്ലവും സാമൂഹികവിവാഹം സംഘടിപ്പിച്ചുവരുന്നത്. നിർധന കുടുംബങ്ങളിൽ നിന്നുള്ള 697 യുവതികൾക്കാണ് ഇതുവരെ പുതുജീവിതം സമ്മാനിച്ചത്.
ജൂലൈ 13നു നടന്ന ചടങ്ങിൽ ശ്രീമതി ശോഭ മേനോൻ ഉൾപ്പെടെ നിരവധി പ്രമുഖവ്യക്തിത്വങ്ങൾ പങ്കെടുത്തു. ഇത്തവണത്തെ പാലക്കാട് ജില്ലയിൽ നിന്നുള്ള 13 ദമ്പതികളാണ് മിന്നുകെട്ടിയത്. അതാത് സാംസ്കാരിക പാരമ്പര്യങ്ങളും ആഘോഷങ്ങളും പാലിച്ചുകൊണ്ടാണ് എല്ലാ വിവാഹങ്ങളും നടത്തിയത്. സ്ത്രീധനമെന്ന സാമൂഹിക വില്ലനെ ഒഴിച്ചുനിർത്തുന്നതിനൊപ്പം വിവാഹത്തോടനുബന്ധിച്ചുള്ള താങ്ങാനാവാത്ത സാമ്പത്തികഭാരങ്ങളിൽ നിന്നും കുടുംബങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ കണ്ടെത്തിയാണ് അർഹതയുള്ളവരെ തെരെഞ്ഞെടുക്കുന്നത്. ദമ്പതികൾക്ക് വിവാഹത്തിന് മുൻപുള്ള കൗൺസലിങ്ങും ഏർപ്പെടുത്തിയിരുന്നു. വിവാഹനന്തരവും നവദമ്പതികൾക്ക് ആവശ്യമുള്ള സഹായങ്ങളും പിന്തുണയും നൽകുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. കൂടാതെ അടുക്കളയിലേക്ക് ആവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്തു. ഓരോ വധുവിനും പരമ്പരാഗത വിവാഹസമ്മാനമായി 36 ഗ്രാം സ്വർണവും ട്രസ്റ്റ് നൽകി.
സാമൂഹികക്ഷേമവും നന്മയും ലക്ഷ്യമിട്ടുള്ള ശോഭ ലിമിറ്റഡിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് കമ്പനിയുടെ ചെയർമാൻ ശ്രീ. പി. എൻ. സി മേനോൻ പറഞ്ഞു. സ്ത്രീധനം കൂടാതെ ദമ്പതികൾക്ക് ആവശ്യമായ പിന്തുണ ട്രസ്റ്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനരഹിത സാമൂഹികവിവാഹങ്ങൾക്ക് പുറമെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ചികിത്സാസഹായങ്ങൾ, പാവപ്പെട്ടവർക്ക് വേണ്ടിയുള്ള അടിസ്ഥാനസൗകര്യവികസന പദ്ധതികൾ എന്നിങ്ങനെ കേരളത്തിലുടനീളം നിരവധി പ്രവർത്തനങ്ങളിൽ സജീവമാണ് ശോഭ ലിമിറ്റഡ്.
നിർധനർക്ക് സൗജന്യമായി വീടുവെച്ചുനൽകുന്ന ”ഗൃഹശോഭ” പദ്ധതിയും കമ്പനിയുടെ പ്രധാന കാരുണ്യപ്രവർത്തനങ്ങളിൽ ഒന്നാണ്. പദ്ധതിയുടെ ആദ്യഘട്ടമായി നിർമാണം പൂർത്തിയായ 100 വീടുകളുടെ താക്കോൽദാനം ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയിരുന്നു. 120 പുതിയ വീടുകളുടെ കല്ലിടൽ ചടങ്ങും പൂർത്തിയാക്കിക്കഴിഞ്ഞു. പാവപ്പെട്ട സ്ത്രീകളുടെ പേരിൽ 1,000 വീടുകൾ നിർമിച്ച് നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗുജറാത്തിലെ സബർമതി നദീതടവികസനത്തിനായി 1,000 കോടി രൂപയുടെ സംഭാവനയും പി.എൻ.സി മേനോൻ പ്രഖ്യാപിച്ചിട്ടുണ്ട്. സുസ്ഥിര നാഗരിക വികസനത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്കാണ് സവിശേഷ ശ്രദ്ധനൽകുന്നത്. ഒപ്പം രാജ്യമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും തുടരുന്നു.
സമത്വവും സാഹോദര്യവുമുള്ള സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് പി. എൻ. സി മേനോൻ വിഭാവനം ചെയ്യുന്നത്. അതിനായി, സാമൂഹികക്ഷേമവും വികസനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലാണ് ട്രസ്റ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Aishwarya