സ്‌കൂള്‍ ഇടവേളകളില്‍ വ്യായാമം ഉറപ്പാക്കാന്‍ ഫിറ്റനെസ് ബെല്‍ സംവിധാനം

Spread the love

കേരള വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസന പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഒളിംപിക്‌സ് മാതൃകയില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പദ്ധതി നമ്മള്‍ നടപ്പാക്കുകയാണ്. പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെല്‍ത്തി കിഡ്‌സ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. സ്‌കൂള്‍ പഠനസമയത്ത് ചെയ്യാന്‍ കഴിയുന്ന പത്ത് മിനിട്ട് വീതം ദൈര്‍ഘ്യമുള്ള വ്യായാമ പരിപാടിയില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കാന്‍ ഫിറ്റ്‌നസ് ബെല്‍ സംവിധാനം കൊണ്ടു വരാന്‍ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് പൊതു വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി നാല്‍പത്തി നാല് അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കി. എയിഡഡ് മേഖലയിലെ നിയമന അംഗീകാരം നല്‍കിയതും അടക്കം മുപ്പതിനായിരത്തി അഞ്ഞൂറ്റി അറുപത്തി നാല് (30,564) നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്.വിദ്യാഭ്യാസ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ കണക്കെടുപ്പിലും കേരളം പ്രഥമ ശ്രേണിയിലാണെന്നും പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ദേശീയ തലത്തില്‍ നീറ്റും, നെറ്റും പരീക്ഷകള്‍ എല്ലാം തന്നെ തകിടം മറിച്ച് വിദ്യാര്‍ത്ഥികളെ കണ്ണീരു കുടിപ്പിക്കുന്ന സാഹചര്യമുള്ളപ്പോളാണ് കേരളം പരീക്ഷാ നടത്തിപ്പില്‍ മാതൃകയാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി.

മുന്‍മന്ത്രി ജി. സുധാകരന്റെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച നീര്‍ക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂള്‍ കെട്ടിടത്തില്‍ പുതുതായി ആറ് ക്ലാസ് മുറികളാണ് ഉദ്ഘാടനം ചെയ്തത്. എച്ച്.സലാം എം.എല്‍.എ രചിച്ച് രാജു പനയ്ക്കല്‍ സംഗീത സംവിധാനം നിര്‍വഹിച്ച് അധ്യാപകര്‍ പാടിയ നൃത്താവിഷ്‌കാരത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, ജില്ല പഞ്ചായത്തംഗം പി. അഞ്ചു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ വി. ധ്യാനസുതന്‍, പ്രജിത്ത് കാരിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിതാ പ്രദീപ്, സ്‌കൂള്‍ എച്ച്.എം. എ. നദീറ, ആലപ്പുഴ ഡി.ഡി.ഇ. ഇ.എസ്. ശ്രീലത, ആലപ്പുഴ ഡി.ഇ.ഒ. എല്‍. പവിഴകുമാരി, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ എ.ജെ. ജയകൃഷ്ണന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്ററന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.നിഹാല്‍, സീന മനോജ് എന്നിവര്‍ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *