സംസ്ഥാന മാധ്യമ അവാർഡ് : ജൂലൈ 17 നകം അപേക്ഷ നൽകണം

Spread the love

2023ലെ സംസ്ഥാന മാധ്യമ അവാർഡിനുള്ള എൻട്രികൾ ജൂലൈ 17 നകം നൽകണം. 2023 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്.

വികസനോൻമുഖ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം. വാർത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്ക്കേണ്ടതാണ്.

ടിവി വാർത്താ റിപ്പോർട്ടിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺനമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. എൻട്രികൾ ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in ൽ ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *