വന്യജീവി ആക്രമണം തടയാന്‍ ശാശ്വതപരിഹാരം വേണം: കെ.സുധാകരന്‍ എംപി

Spread the love

മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ ശാശ്വതപരിഹാരം ഉണ്ടാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വന്യമൃഗാക്രമണങ്ങളില്‍ മനുഷ്യന്‍ കൊല്ലപ്പെടുമ്പോഴും ശാശ്വതപരിഹാരം തേടാന്‍ വനംവകുപ്പും സര്‍ക്കാരും തയ്യാറാകുന്നില്ല. ഈ വര്‍ഷം ഇതുവരെ വയനാടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് കല്ലൂര്‍ കല്ലുമുക്ക് സ്വദേശി മാറോട് രാജു. 2023 ജനുവരിമുതലുള്ള കണക്കെടുത്താല്‍ വയനാടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 11-ാമത്തെ മനുഷ്യജീവനും. രാജുവിന്റെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായവും ആശ്രിതര്‍ക്ക് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വനം-വന്യജീവി സംഘര്‍ഷനിയന്ത്രണസമിതി സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും ഇതുവരെ വയനാടില്‍ ഒരുയോഗം മാത്രമാണ് ചേര്‍ന്നത്. ഇത്തരത്തില്‍ വന്യമൃഗശല്യം രൂക്ഷമായ ജില്ലകളില്‍ ഈ സമിതിയോഗം ചേര്‍ന്നിട്ടുണ്ടോയെന്നുപോലും വ്യക്തമല്ല. ഇതിനിടെ നിരവധി വന്യമൃഗശല്യം ഉണ്ടായി.ജനം പ്രതിഷേധിക്കുമ്പോള്‍ താത്കാലിക ആശ്വാസ വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

വന്യമൃഗങ്ങളെത്തുമ്പോള്‍ അവയെ തുരത്തേണ്ട വാച്ചര്‍മാരുടെ എണ്ണം വളരെ കുറവാണ്. അത് നികത്താന്‍ പോലുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍തലത്തിലുള്ള അലംഭാവവും അനാസ്ഥയുമാണ് വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നത്. വനം വന്യജീവി സംരക്ഷണ നിയമയത്തില്‍ കാലോചിതമായ മാറ്റം വരുത്തണം. അതിന് മുന്‍കൈയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യം വയനാട് ജില്ലയില്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഇവിടെത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *