നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി

Spread the love

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോ​ഗത്തിലാണ് തീരുമാനം.നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാ​ഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.ആമയിഴഞ്ചാൻ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ പ്രത്യേകിച്ച് സ്കൂബ ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
സാംക്രമിക രോ​ഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം റെയിൽവേ ഉറപ്പു വരുത്തണം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് നിർദ്ദേശിച്ചു. ട്രയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണം. തോടിന്റെ രണ്ട് ഭാ​ഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറി​ഗേഷൻ വകുപ്പ് നടത്തും. 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിങ്ങിന്റെ പണി ഉടൻ ആരംഭിക്കും. രാജാജി നഗറിന്റെ മദ്ധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപ്പറേഷൻ സ്ഥാപിക്കും. രാജാജിന​ഗർ പ്രദേശത്ത് ശാസത്രിയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടൻ പ്രവർത്തി ആരംഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *