പ്രതിപക്ഷ നേതാവും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
തീരദേശ ഹൈവെ സംബന്ധിച്ച് പഠിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച ഷിബു ബേബിജോണ്‍ കണ്‍വീനറും ടി.എന്‍ പ്രതാപന്‍, എം. വിന്‍സെന്റ് എം.എല്‍.എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, മോന്‍സ് ജോസഫ് എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി ജോണ്‍, ജി. ദേവരാജന്‍, അഡ്വ. രാജന്‍ ബാബു, സലിം പി. തോമസ് എന്നിവര്‍ അംഗങ്ങളുമായ സമതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിറ്റിംഗ് നടത്തി പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും വിശാദാംശങ്ങള്‍ തേടിയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
ഡി.പി.ആര്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹിക ആഘാത പഠനമോ നടന്നിട്ടില്ല. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എന്‍.എച്ച് 66 പല സ്ഥലങ്ങളിലും തീരപ്രദേശത്ത് കൂടിയാണ് കടന്നു പോകുന്നത്. തീരപ്രദേശത്ത് നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് എന്‍.എച്ച് 66 കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ടൂറിസം വികസനത്തിന്റെ പേരിലുള്ള തീരദേശ ഹൈവെ എന്നത് അനിവാര്യമായ പദ്ധതിയല്ല. യു.ഡി.എഫ് വികസനത്തിന് എതിരല്ല. എന്നാല്‍ തീരദേശ പാതയുടെ പേരില്‍ ഇനിയൊരു കുടിയൊഴിപ്പിക്കല്‍ നടന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള ഭൂമി പോലും കേരളത്തില്‍ ലഭ്യമല്ല.
കേരളത്തിലെ 590 കിലോ മീറ്റര്‍ തീരദേശത്ത് 63 ശതമാനം പ്രദേശങ്ങളും ഹൈ റിസ്‌ക് ഏരിയയാണ്. 700 ഹെക്ടര്‍ സ്ഥലമാണ് തീരശോഷണത്തിലൂടെ നഷ്ടമായത്. കാറ്റെടുത്തും കടലെടുത്തും നിരവധി ജീവിതങ്ങള്‍ പോയ സ്ഥലത്താണ് തീരദേശ ഹൈവെ കൊണ്ടു വന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല.
ഭാരമേറിയ വാഹനങ്ങള്‍ക്ക് സഞ്ചാരിക്കാന്‍ നിര്‍മ്മിക്കുന്ന ആഴമേറിയ സബ് സ്ട്രച്ചറുകള്‍ നിര്‍മ്മിക്കുന്നത് സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തും. ഫറൂക്കില്‍ നിന്നും മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളി ഗ്രാമങ്ങളായ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍, ചമ്രവട്ടം പാലം വഴി കുറ്റിപ്പുറത്തേക്ക് നിലവില്‍ റോഡുണ്ട്. താനൂരില്‍ ഈ റോഡും തീരവും തമ്മിലുള്ള അകലം 1.5 കിലോമീറ്റര്‍ മാത്രമാണ്. ഈ ദൂരത്തിനുള്ളില്‍ കനോലി കനാലുമുണ്ട്. ഇത് കൂടാതെ തീരത്ത് നിന്നും 200 മീറ്റര്‍ അകലെയായി മലപ്പുറം ജില്ലയുടെ എല്ലാ തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ടിപ്പു സുല്‍ത്താന്‍ റോഡുമുണ്ട്. സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് പഠിക്കാതെയാണ് മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയും ഉപജീവനവും ഇല്ലാതാക്കുന്ന പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
2013-ല്‍ നടപ്പാക്കിയ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭൂമിയുടെയും വീടിന്റെയും വില നിര്‍ണയം അതിന് ബാധകമല്ലെന്നുമുണ്ട്. സെക്ഷന്‍ 108 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ മറയിലാണ് ഈ ദുരൂഹ നടപടി. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് മത്സ്യതൊഴിലാളികളുടെ നഷ്ടപരിഹാരം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ്. കുടിയിറക്കപ്പെടുന്നവര്‍ക്ക് 600 ചതുരശ്ര അടിയുളള ഫ്ളാറ്റോ 13 ലക്ഷം രൂപയോ നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതൊന്നും റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതല്ല. റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം ഭൂമി ഏറ്റെടുത്തതു കൊണ്ടാണ് ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി നല്‍കിയവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരത്തുക കിട്ടയത്. ഈ നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്നു തുക പോലും നല്‍കാതെയാണ് തീരദേശവാസികളുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികളോടുള്ള അന്യായമാണ്.
നിലവിലുള്ള നാഷണല്‍ ഹൈവെയുമായുള്ള കണക്ടിവിറ്റിയാണ് തീരദേശത്ത് വേണ്ടത്. മൂന്നു പതിറ്റാണ്ടായി കോടികള്‍ ചെലവഴിച്ചിട്ടും പൂര്‍ത്തിയാകാത്ത ദേശ ജലപാത പൂര്‍ത്തിയാക്കിയാല്‍ ചരക്ക് നീക്കം ഉള്‍പ്പെടെ ചിലവ് കുറഞ്ഞ രീതിയില്‍ നടത്താം. തീരദേശ ഹൈവെയ്ക്കല്ല, തീരപ്രദേശത്തെ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. കടല്‍ ഭിത്തി കെട്ടാത്തതിനെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം കേരളത്തില്‍ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ മതിയായ പഠനം നടത്താതെ തീരദേശ ഹൈവെയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്.
ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തിയ ശേഷമാണ് കെ. റെയില്‍ പ്രായോഗികമല്ലെന്ന് യു.ഡി.എഫ് പറഞ്ഞത്. അതിനേക്കാള്‍ പ്രായോഗികമല്ലാത്ത പദ്ധതിയാണ് തീരദേശ ഹൈവെ.
ദേശീയപാതയിലെ മണ്ണിടിച്ചില്‍: കര്‍ണാടക ഉപമുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു
കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള രാക്ഷാപ്രവര്‍ത്തനം ധൃതഗതിയില്‍ നടക്കുന്നുണ്ട്. ഇക്കാര്യം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നേരിട്ട് സംസാരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡി.കെ ശിവകുമാര്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയും ആധുനിക ഉപകരണങ്ങള്‍ സ്ഥലത്ത് എത്തിക്കാനാകാത്തതും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ടെങ്കിലും സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.