24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ സവിശേഷമായ ചില ആവശ്യങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
2022-23ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് ആവശ്യപ്പെട്ടത്. ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനമാണ് നിലവിലെ കടമെടുപ്പ് പരിധി. ഒപ്പം ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ½ ശതമാനവും ചേർത്ത് മൂന്നര ശതമാനം കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്. എന്നാൽ 2022-23ൽ 2.44 ശതമാനം മാത്രമാണ് എട്ടുടുക്കാൻ അനുവദിച്ചത്. കഴിഞ്ഞ വർഷമാകട്ടെ 2.88 ശതമാനവും. 14-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് നിലവിലെ 15-ാം ധനകമ്മീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിൽ പ്രതിവർഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. റവന്യു കമ്മി ഗ്രാന്റ്, ജി.എസ്.ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴിയടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിട്ടുള്ളത്. കേരളത്തിന് അർഹമായ വലിയ തോതിലുള്ള തുക കിട്ടാനുണ്ട്. അത് മുഴുവൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ഇതെല്ലാം ബോധ്യപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ സംസ്ഥാനവിഹിതം ഉറപ്പാക്കുന്നു. 5000 കോടി രൂപയുടെ വിനിയോഗമാണ് ഏറ്റെടുക്കുന്നത്. കെ.എസ്.ആർ.ടി.സി, കെ.റ്റി.ഡി.എഫ്.സി, കേരള ബാങ്ക് എന്നിവയുടെ സാമ്പത്തിക സുതാര്യതയെ ബാധിക്കുന്ന വലിയ ബാധ്യത ഒഴിവാക്കുന്നതിനാവശ്യമായ 650 കോടിയിലധികം രൂപ ഈ സർക്കാർ ലഭ്യമാക്കി. 2018 മുതലുള്ള ബാധ്യതയാണ് ഒഴിവാക്കിയത്. സപ്ലൈകോയ്ക്ക് നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിനായി 700 കോടി രൂപയാണ് നൽകിയത്. അടിസ്ഥാന സൗകര്യ വികസനവും കൂടുതൽ തൊഴിൽ അവസരങ്ങളും ഉറപ്പാക്കാൻ വലിയ തോതിലുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.