തദ്ദേശ മന്ത്രിക്കുള്ള മറുപടി – പ്രതിപക്ഷ നേതാവ്

Spread the love

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ച മലയിന്‍കീഴ് സ്വദേശിയുടെ വസതി സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്  (22/07/2024).

മഴക്കാല പൂര്‍വശുചീകരണം നടത്താത്തതില്‍ മന്ത്രിക്ക് മറുപടിയില്ല; മാലിന്യത്തില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും തദ്ദേശ മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല; പ്രതിപക്ഷ നേതവ് ഹരിതകര്‍മ്മ സേനയ്ക്ക് എതിരാണെന്ന പ്രചരണം മന്ത്രിയുടെ കുശാഗ്ര ബുദ്ധി; ഇത്രയും ബുദ്ധി കാട്ടിയിരുന്നെങ്കില്‍ സ്വന്തം വകുപ്പ് നന്നാക്കാമായിരുന്നു.

അരി എത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്ന മറുപടിയാണ് തദ്ദേശ മന്ത്രി പറയുന്നത്. മഴക്കാല പൂര്‍വശുചീകരണം ദയനീയമായി പരാജയപ്പെട്ടതിന്റെ ദുരിതഫലമാണ് കേരളം അനുഭവിക്കുന്നത്. മഞ്ഞപ്പിത്തം, കേളറ, മലമ്പനി, ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുകയാണ്. മഴക്കാല

പൂര്‍വശുചീകരണം നടത്തുന്നതില്‍ തദ്ദേശ വകുപ്പിനുണ്ടായ പരാജയമാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണം. ഇതിന് മറുപടി പറയുന്നതിന് പകരം കഴിഞ്ഞ 8 വര്‍ഷമായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് മന്ത്രി പറയുന്നത്.

ഹരിത കര്‍മ്മ സേനയോട് പ്രതിപക്ഷ നേതാവിന് എന്തിനാണ് ഇത്ര ഈര്‍ഷ്യയെന്നാണ് മന്ത്രി ചോദിക്കുത്. ഞാന്‍ ഹരിത കര്‍മ്മസേനയ്‌ക്കെതിരെ എവിടെയാണ് സംസാരിച്ചത്? ആ പാവം മനുഷ്യരെ കുറിച്ച് ആരെങ്കിലും മോശം പറയുമോ? യൂസര്‍ ഫീ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരു സേവനവും നല്‍കില്ലെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. നികുതി അടച്ചില്ലെങ്കില്‍ വൈദ്യുതിയും വെള്ളവും റേഷനും കട്ട് ചെയ്യുമോ? യൂസര്‍ ഫീ അടച്ചില്ലെങ്കില്‍ പഞ്ചായത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞത് എങ്ങനെയാണ് ഹരിതകര്‍മ്മ സേനയ്ക്ക് എതിരാകുന്നത്? ഇത് മന്ത്രിയുടെ കുശാഗ്ര ബുദ്ധിയാണ്. പറയാന്‍ മറുപടി ഇല്ലാതെ വന്നപ്പോഴാണ് ഹരിത കര്‍മ്മ സേനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പറഞ്ഞെന്ന് മന്ത്രി പറയുന്നത്. മന്ത്രി ഇത്രയും ബുദ്ധി കാട്ടിയിരുന്നെങ്കില്‍ സ്വന്തം വകുപ്പ് കുറച്ചു കൂടി നന്നായി കൊണ്ടു പോകാമായിരുന്നു.

മഴക്കാല പൂര്‍വശുചീകരണം നടത്താതെ തദ്ദേശ വകുപ്പ് അനാസ്ഥ കാട്ടിയെന്നത് ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. തെറ്റ് തിരുത്തുന്നതിന് പകരം എട്ട് വര്‍ഷത്തെ കഥയാണ് മന്ത്രി പറയുന്നത്. അത് പറയണമെങ്കില്‍ വേറെ പറയാം. 2017-ല്‍ മാലിന്യത്തില്‍ നിന്നും അഞ്ച് മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്ന ഏഴ് പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2024 ആയിട്ടും എവിടെയെങ്കിലും തുടങ്ങിയോ? ക്രിയാത്മകമായ എന്ത് നടപടികളുണ്ടായാലും അതിനെ പ്രതിപക്ഷം പിന്തുണയ്ക്കും. നിപ പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുമായി സഹകരിക്കണമെന്നാണ് ജനങ്ങളോട് പ്രതിപക്ഷം പറഞ്ഞത്.

തിരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് ശുചീകരണം നടത്താതെന്നാണ് തദ്ദേശ മന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പ് ആയാല്‍ കാനകളും തോടുകളും ശുചീകരിക്കേണ്ടേ? ഓടകളില്‍ മാലിന്യം കുമിഞ്ഞു കൂടി മനുഷ്യ വിസര്‍ജ്യത്തിന്റെ അംശം കുടിവെള്ളത്തില്‍ വരെ എത്തിയതിന്റെയും മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചതിന്റെയും ഉത്തരവാദിത്വത്തില്‍ നിന്നും തദ്ദേശ മന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ല.

കര്‍ണാടകത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കവളപ്പാറ ദുരന്തത്തില്‍ കാണാതായവരുടെയും കണ്ടുകിട്ടിയ മൃതദേഹങ്ങളുടെയും എണ്ണം തമ്മില്‍ വ്യത്യാസമില്ലേ. ഞാന്‍ കര്‍ണാടക സര്‍ക്കാരിനെ ന്യായീകരിച്ചെന്നാണ് മന്ത്രി പറഞ്ഞത്. ആരെയും ന്യായീകരിച്ചിട്ടില്ല. പത്ത് പേരെ കാണാതായതില്‍ ഏഴ് പേരെ മാത്രമെ കണ്ടെത്തിയിട്ടുള്ളൂ. മൂന്നു പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അക്കൂട്ടത്തില്‍ നമ്മുടെ അര്‍ജ്ജുനുമുണ്ട്.

കേരളത്തില്‍ ഉരുള്‍ പൊട്ടിയിട്ട് കാണാതെ പോയ ആളുകളില്ലേ? എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്നത് ആരാണ്? കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാരായിരുന്നെങ്കില്‍ മന്ത്രി ഇതൊന്നും പറയില്ലായിരുന്നു. കെ.സി വേണുഗോപാല്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞാന്‍ ഉപമുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ട്. മഞ്ചേശ്വരം എം.എല്‍.എയും കോഴിക്കോട് എം.പിയും സംഭവ സ്ഥലത്തുണ്ട്. കേരള സര്‍ക്കാരും ബന്ധപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിനെ എങ്ങനെ കുറ്റപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ചോദിച്ചത് ഈ മന്ത്രി കേട്ടില്ലേ?

Author

Leave a Reply

Your email address will not be published. Required fields are marked *