ഈ ഓണക്കാലത്ത് വിപണിയില്‍ പൂക്കളെത്തിക്കുന്നതിനും വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനുമായി കുടുംബശ്രീ. കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ പൂ കൃഷി ചെയ്യുന്ന ‘നിറപ്പൊലിമ 2024’, വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനായുള്ള ‘ഓണക്കനി 2024’ പദ്ധതികള്‍ ഓണക്കാലത്തെ ലക്ഷ്യംവെച്ച് തുടക്കമിടുകയാണ്. കുടുംബശ്രീയുടെ കീഴിലുള്ള കര്‍ഷക വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് നിറപ്പൊലിമ ഓണക്കനി പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഓണം വിപണിയില്‍ ഏറെ ആവശ്യമുള്ള ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവ സംസ്ഥാനത്ത് കുറഞ്ഞത് ആയിരം ഏക്കറിലെങ്കിലും കൃഷി ചെയ്യുന്നതിനാണ് ‘നിറപ്പൊലിമ’യിലൂടെ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കൃഷി വകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണ കുടുംബശ്രീ മുഖേന ലഭ്യമാക്കും. പരമാവധി വിപണന മാര്‍ഗങ്ങളും സജ്ജമാക്കും. നിലവില്‍ 3350 കര്‍ഷക സംഘങ്ങള്‍ 1250 ഏക്കറില്‍ പൂ കൃഷിയില്‍ സജീവമാണ്. ഇവര്‍ക്ക് മെച്ചപ്പെട്ട ആദായം ലഭിക്കുന്നതിനാല്‍ വരുംവര്‍ഷങ്ങളില്‍ ഈ മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാനും പൂ കൃഷി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്.
മെച്ചപ്പെട്ട ഉല്‍പാദനത്തിനും ഉല്‍പന്നങ്ങള്‍ക്ക് വിപണിലഭ്യത ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീയുടെ പിന്തുണ ലഭിക്കും. ഓണം, ക്രിസ്മസ്, വിഷു, റംസാന്‍ തുടങ്ങിയ വിശേഷാവസരങ്ങള്‍ കൂടാതെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ വിപണന മേളകളിലും കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിച്ചു വിപണനം നടത്താനുള്ള അവസരവുമൊരുക്കും.