വിദ്യാർഥികളിൽ സംരംഭകത്വം; കാമ്പസ് വ്യവസായ പാർക്ക് പദ്ധതിക്ക് തുടക്കമാകുന്നു

Spread the love

വ്യവസായ ആവശ്യത്തിനുള്ള ഭൂമിലഭ്യതയുടെ കുറവ് മറികടക്കുന്നതിനും വിദ്യാർത്ഥികളിൽ സംരംഭകത്വ താൽപര്യം വളർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപം നൽകിയ നൂതന ആശയമായ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി യാഥാർഥ്യമാകുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി ഉപയോഗപ്പെടുത്തി കാമ്പസ്‌ വ്യവസായ പാർക്കുകൾ ആരംഭിക്കുക എന്നതാണ് ജൂലൈ 24 ന് ആരംഭിക്കുന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി മാർഗ്ഗരേഖ ഫെബ്രുവരിയിൽ സർക്കാർ പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളിലൂടെ പുതിയതായി കണ്ടെത്തുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്‌പാദനം വേഗത്തിൽ ആരംഭിക്കുന്നതിനും പദ്ധതി വഴിയൊരുക്കും.
കുറഞ്ഞത്‌ അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ/ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പസ്‌ വ്യവസായ പാർക്കിനായി അപേക്ഷിക്കാം. ആർട്സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐ.കൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പദ്ധതിക്ക് കീഴിൽ വരും. കാമ്പസുകളിൽ സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന്‌ കുറഞ്ഞത്‌ രണ്ട് ഏക്കർ ഭൂമിയാണ്‌ വേണ്ടത്. 30 വർഷത്തേക്ക് ആണ് ഡവലപ്പർ പെർമിറ്റ്‌ അനുവദിക്കുക.
കാമ്പസ്‌ വ്യവസായ എസ്റ്റേറ്റ്‌ ഡെവലപ്പർ പെർമിറ്റ്‌ ലഭിക്കുന്ന വ്യവസായ ഭൂമിക്ക്‌ കേരള ഏകജാലക ക്ലിയറൻസ് ബോർഡ്, ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഏരിയ ഡവലപ്മെൻ്റ് ആക്ട് എന്നിവക്ക് കീഴിൽ ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടാകും. കാമ്പസ്‌ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്‌ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി പരിസ്ഥിതി ലോല പ്രദേശം, തീരദേശ നിയന്ത്രണ മേഖല, തോട്ടം, തണ്ണീർത്തട സംരക്ഷണ നിയമം എന്നിവയിൽ ഉൾപ്പെടരുത്. ഈ എസ്റ്റേറ്റുകളിൽ റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങൾക്ക്‌ സ്ഥലം അനുവദിക്കും.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌ വെബ്‌ പോർട്ടൽ മുഖേന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്‌. ജില്ലാതല സൈറ്റ് സെലക്ഷൻ കമ്മറ്റി ശുപാർശ ചെയ്യുന്ന അപേക്ഷകൾ സർക്കാർ തലത്തിൽ വകപ്പുതല സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച്‌ സ്വകാര്യ വ്യവസായ എസ്റ്റേറ്റ്‌ ഡെവലപ്പർ പെർമിറ്റ്‌ നൽകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമായ സമിതിയാണ് പെർമിറ്റുകൾ നൽകുക. ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ, റവന്യൂ, തദ്ദേശ, ജലവിഭവ, ഊർജ്ജ, പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിമാർ കമ്മറ്റി അംഗങ്ങളായിരിക്കും. ക്യാമ്പസ്‌ വ്യവസായ പാർക്കിലെ പൊതു സൗകര്യങ്ങളായ റോഡ്‌, വൈദ്യുതി, ഡ്രൈനേജ്, മാലിന്യ നിർമ്മാർജ്ജന പ്ളാൻ്റ്, ലാബ്, ടെസ്റ്റിംഗ് ആൻ്റ് സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന് ഡെവലപ്പർ വിദ്യാഭ്യാസ സ്ഥാപനത്തിന് ഏക്കറിന്‌ 20 ലക്ഷം രൂപ നിരക്കിൽ പരമാവധി 1.5 കോടി രൂപ വരെ ഒരു എസ്റ്റേറ്റിന് നൽകും. സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന്‌ കെട്ടിട നിർമ്മാണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 1.5 കോടി രൂപയും സർക്കാർ ധനസഹായം നൽകും. എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യവികസനം പൂർത്തിയാക്കുന്ന മുറയ്ക്കാണ്‌ തുക അനുവദിക്കുക.

Author

Leave a Reply

Your email address will not be published. Required fields are marked *