സ്ത്രീകളുടെ വിധിവാക്യങ്ങൾ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ: മന്ത്രി എം.ബി. രാജേഷ്
ഉന്നമനത്തിലൂടെ സമൂഹത്തിലെ പരമ്പരാഗത രീതികൾ ഇല്ലാതാക്കി സ്ത്രീകളുടെ വിധിവാക്യങ്ങൾ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പെരുങ്കടവിള അണമുഖത്ത് കുടുംബശ്രീയുടെ നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന പ്രയോഗം അന്വർഥമായത് കുടുംബശ്രീയുടെ വരവോടെയാണ്.
പുരുഷന്മാർ മാത്രമുള്ള സദസുകളും വേദികളും എന്നത് മാറി എല്ലാ മേഖലയിലേക്കും സ്ത്രീ ശക്തി കടന്നുവന്നു. സാമൂഹികമായ ഉന്നമനത്തിനൊപ്പം വരുമാനത്തിലൂടെ സാമ്പത്തിക ശാക്തീകരണവും നടന്നു. തെരഞ്ഞെടുപ്പിലും ജനപ്രതിനിധികളെന്ന നിലയിലും കുടുംബശ്രീ അംഗങ്ങൾക്ക് അംഗീകാരം ലഭിച്ചപ്പോൾ അത് സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റമായി മാറി.
4.4 കോടി രൂപ പലിശ സബ്‌സിഡി ഇനത്തിലും നൽകി. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടത്തി വരുന്നുണ്ട്. ഓരോ കുടുംബത്തിനും ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതി വഴി സംസ്ഥാനത്ത് 11,30,371 കുടുംബങ്ങളിൽ പോഷക ഉദ്യാനങ്ങളൊരുക്കാൻ കഴിഞ്ഞു. വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും വിപണനം ചെയ്യുന്ന ‘നേച്ചേഴ്‌സ് ഫ്രഷ്’ ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് 88 ബ്‌ളോക്കുകളിൽ പ്രവർത്തനം ആരംഭിച്ചു. 52 എണ്ണം കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുങ്കടവിള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഫാം ലൈവ്‌ലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ ആർ സുനിത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കാനക്കോട് ബാബാരോജ് എന്നിവർ സംബന്ധിച്ചു.