ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ ആധിക്യം എന്നിവയാൽ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം അനുയോജ്യമാണ് കേരളം. ജൈവവൈവിധ്യ ‘ഹോട്ട്സ്പോട്ട്’ എന്ന നിലയിൽ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്തി ഈ വ്യവസായത്തെ പരിപോഷിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), കേരള സ്റ്റേറ്റ് കൗൺസില്‍ ഫോര്‍ സയൻസ് ടെക്നോളജി ആൻഡ് എൻവയണ്‍മെന്‍റ് (കെഎസ് സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ അനുവദിച്ച സ്ഥലത്ത് സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് പ്രവർത്തനമാരംഭിക്കുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ നിലവിലുള്ള സൗകര്യത്തിൽ താൽക്കാലികമായി ആവശ്യമായ പരീക്ഷണശാലകൾ ഉടൻ സ്ഥാപിക്കും.
പാർശ്വഫലങ്ങൾ കുറവാണെന്നതിനാലും പ്രകൃതിജന്യ വസ്തുക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്നവയായതിനാലും പൊതുജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ന്യൂട്രാസ്യൂട്ടിക്കൽസ്, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. പ്രമേഹം, അലർജി, അൽഷിമേഴ്സ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, നേത്രരോഗങ്ങൾ, പാർക്കിൻസൺസ്, അമിതവണ്ണം തുടങ്ങിയവയുടെ ചികിത്സയ്ക്കും
ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗപ്രദമാണ്.
ഇന്ത്യയുടെ ഹെർബൽ – ആയുർവേദ – സുഗന്ധവ്യഞ്ജന – സമുദ്രഭക്ഷ്യ തലസ്ഥാനമാണ് കേരളം. സസ്യങ്ങളുടെയും സമുദ്രജല വിഭവങ്ങളുടെയും വിപുലമായ ലഭ്യത പ്രയോജനപ്പെടുത്തുന്നതിന് സഹായകരമായ സ്ഥാപനങ്ങളൊന്നും കേരളത്തില്‍ നിലവിലില്ല എന്നിടത്താണ് ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസി’ന്റെ പ്രസക്തി.
നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയവയെ കണ്ടെത്തുകയും അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി പുതിയ ഉൽപ്പന്നങ്ങൾ രൂപവൽക്കരിക്കുകയും ചെയ്യുന്ന വിപുലമായ ഗവേഷണ കേന്ദ്രമാണ് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.