കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ച് സര്‍ക്കാര്‍; 60% വരെ ഇളവ് പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍

Spread the love

കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മ്മിറ്റ് ഫീസില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മ്മിറ്റ് ഫീസ് 60% കുറയ്ക്കും. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും.
ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മ്മിറ്റ് ഫീസ് സ്‌ക്വയര്‍ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ സ്‌ക്വയര്‍ മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും, മുന്‍സിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും, കോര്‍പറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 150ല്‍ നിന്ന് 100 രൂപയായി കുറയ്ക്കും, മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 200ല്‍ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്.
2023 ഏപ്രില്‍ 1 ന് മുന്‍പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ 1ന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ നിരക്കാണ് ഏര്‍പ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.

25% ഒറ്റയടിക്ക് വര്‍ധന എന്നത് , ആക്ടില്‍ ഭേദഗതി വരുത്തി ഓരോ വര്‍ഷവും 5% വീതമാക്കി സര്‍ക്കാര്‍ ലഘൂകരിക്കുകയായിരുന്നു. ഒറ്റയടിക്ക് 25 ശതമാനം വര്‍ധിപ്പിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുമ്പോള്‍, ആദ്യ വര്‍ഷം 20 ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 15,10,5 ശതമാനം വീതവും നികുതിദായകന് കുറവ് ലഭിക്കുന്നു.ഉദാഹരണത്തിന് ആയിരം രൂപ നികുതിയുള്ള ഒരാളിന് 25% വര്‍ധനവിലൂടെ തൊട്ടടുത്ത വര്‍ഷം തന്നെ 1250 രൂപ നികുതിയടയ്‌ക്കേണ്ടിവരുന്നു. പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധനവിലൂടെ ഈ വര്‍ഷം 1050 രൂപ മാത്രമേ അടയ്‌ക്കേണ്ടി വരുന്നുള്ളൂ. അഞ്ച് വര്‍ഷത്തെ കണക്കെടുത്താലും 500 രൂപയുടെ കുറവ് നികുതിയില്‍ ഇങ്ങനെ ഗുണഭോക്താവിന് ലഭിക്കുന്നു.നികുതിയായി ലഭിക്കുന്നതില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിനില്ല. പൂര്‍ണമായും ഈ തുക പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒടുക്കേണ്ട ഒരു വര്‍ഷത്തെ വസ്തുനികുതി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം ഏപ്രില്‍ 30നകം ഒടുക്കുകയാണെങ്കില്‍ അഞ്ച് ശതമാനം റിബേറ്റ് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകര്‍ക്ക് നല്‍കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *