തിരുവനന്തപുരം : രാജ്യത്ത് പുരുഷ വന്ധ്യത വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ(ഡബ്ലിയുഎച്ച്ഒ) കണക്കുകള്‍. ഇന്ത്യയില്‍ ഏതാണ്ട് 15 മുതല്‍ 20% വരെയാണ് വന്ധ്യതയുടെ നിരക്ക് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇതില്‍ തന്നെ 40%-നടുത്ത് പുരുഷ വന്ധ്യതയാണ്. ആഗോള തലത്തില്‍, ഓരോ വര്‍ഷവും പ്രശ്‌നം നേരിടുന്ന 60-80 ദശലക്ഷം ദമ്പതിമാരിൽ 15-20 ദശലക്ഷം ദമ്പതിമാര്‍ ഇന്ത്യയിലാണ്. വികസ്വര രാജ്യങ്ങളിലെ നാലില്‍ ഒരു ദമ്പതിമാര്‍ വന്ധ്യതാ വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. 10-14% ഇന്ത്യന്‍ ദമ്പതിമാര്‍ വന്ധ്യരാണ് എന്നാണ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ (ഐ എസ് എ ആര്‍) പറയുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ അധികമായി ഇന്ത്യയില്‍ പുരുഷ വന്ധ്യത ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധയും അതിന്റെ പ്രയാസങ്ങളും എല്ലാം തന്നെ എന്നും സ്ത്രീകളിലാണ് ഒതുങ്ങി നില്‍ക്കുന്നത്. വന്ധ്യത നേരിടുന്ന വലിയ ഒരു വിഭാഗം പുരുഷന്മാരും നിശബ്ദമായി സഹിക്കുകയും അനുയോജ്യമായ പരിപാലനമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ ലഭിക്കാതെ വലയുകയും ചെയ്യുന്നു.
“നിര്‍ജ്ജീവമായ ജീവിതശൈലികളും സമ്മര്‍ദ്ദവും മൂലം നഗരങ്ങളിലെ പുരുഷന്മാരില്‍ വന്ധ്യത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കായിക പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ഇതിന്റെ കുറഞ്ഞ ഉല്‍പ്പാദനം ബീജത്തിന്റെ നിലവാരത്തെ കുറയ്ക്കുന്നു. തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം ഉല്‍കണ്ഠക്ക് കാരണമാവുകയും അത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി ചേരുമ്പോള്‍ വിഷാദം ഉണ്ടാവുകയും ശാരീരികമായ കരുത്ത് കുറയുകയും ചെയ്യും. ആധുനിക ജീവിതശൈലി മൂലം ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ് വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കലും. ദിവസം മുഴുവന്‍ കസേരയിലിരുന്ന് തൊഴിലെടുക്കുവാന്‍ നിര്‍ബന്ധിതരാക്കുന്ന ജീവിതശൈലിയാണ് ഇന്നുള്ളത്. ജീവിതശൈലിയിലേക്ക് സന്തുലിതമായ ശാരീരികക്ഷമതാ ദിനചര്യ കൂട്ടിച്ചേര്‍ക്കുന്നത് ശാരീരികമായ ക്ഷേമം മെച്ചപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, അതോടൊപ്പം തന്നെ മാതാപിതാക്കളാകുവാനുള്ള യാത്രയില്‍ പിന്തുണ നല്‍കുകയും ചെയ്യും”. തിരുവനന്തപുരം നെസ്റ്റ് ഫെർറ്റിലിറ്റി വന്ധ്യതാ വിദഗ്ധ ഡോക്ടർ രവിശങ്കർ ഇതിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.