മ്യൂസിയം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Spread the love

മ്യൂസിയം പുരാവസ്തു, പുരാരേഖാ വകുപ്പുകളിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും പ്രവൃത്തി പുരോഗമിയ്ക്കുന്ന തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം, ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ചെമ്പൻ തൊട്ടി, തെയ്യം മ്യൂസിയം ചന്തപ്പുര, എ.കെ.ജി സ്മൃതി മ്യൂസിയം പെരളശ്ശേരി എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പുകളുടെ 2024-25 വാർഷിക പദ്ധതി അവലോകന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

മൂന്നു വകുപ്പുകളുടെയും 100 ദിന പരിപാടികളും യോഗം വിലയിരുത്തി. 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെട്ട തിരുവനന്തപുരം ശ്രീചിത്രാ ആർട്ട് ഗ്യാലറിയിൽ ആമുഖ ഗ്യാലറി സ്ഥാപിക്കൽ, രാജാരവിവർമ്മ ആർട്ട്ഗ്യാലറിയുടെ വിവരങ്ങൾ വെർച്യുൽ ടൂറിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്‌സൈറ്റ് ഒരുക്കൽ, തൃശൂർ ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിന്റെ പുനസജ്ജീകരണം, ഇളയിടത്ത് വലിയ കോയിക്കൽ കൊട്ടാരത്തിന്റെ സമഗ്ര സംരക്ഷണപ്രവൃത്തികൾ എന്നിവയെക്കുറിച്ചും യോഗം ചർച്ചചെയ്തു. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചി, പുരാവസ്തു ഡയറക്ടർ ഇ.ദിനേശൻ, പുരാരേഖ ഡയറക്ടർ ഇൻ ചാർജ് പാർവ്വതി.എസ്, മ്യൂസിയം വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻപിള്ള എന്നിവരും വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
*

Author

Leave a Reply

Your email address will not be published. Required fields are marked *