‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Spread the love

സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ അതാത് സമയം നടക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടത്തി വിശദാംശങ്ങള്‍ തയ്യാറാക്കണം. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍.
പലതരം പകര്‍ച്ചവ്യാധികള്‍ കണ്ടുവരുന്നുണ്ട്. നാട്ടില്‍ നിന്നും പൂര്‍ണമായി ഒഴിവായ രോഗങ്ങള്‍ പോലും വീണ്ടും വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം. ഓറഞ്ച് ബുക്കില്‍ പറഞ്ഞത് പ്രകാരമുള്ള നടപടി സ്വീകരിക്കുകയും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം.
2025 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഈ വര്‍ഷം നവംബര്‍ ഒന്നിലേക്ക് നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണം. അക്കാര്യത്തില്‍ വിടവുകള്‍ ഉണ്ടെങ്കില്‍ അവലോകനം നടത്തി നികത്തണം. ‘അവകാശം അതിവേഗം’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രര്‍ക്ക് വിവിധ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അക്കാര്യത്തിലുള്ള കുറവുകളും പരിഹരിക്കണം.

യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ വേണു വി, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *