ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ രണ്ടെണ്ണം ശാസ്ത്രസാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹ്യശാസ്ത്ര മേഖലയിലും : മന്ത്രി

Spread the love

നിലവിൽ ഭരണാനുമതി ലഭിച്ച മികവിന്റെ കേന്ദ്രങ്ങളിൽ രണ്ടെണ്ണം ശാസ്ത്രസാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹ്യശാസ്ത്ര മേഖലയിലും രണ്ടെണ്ണം ഭാഷ-സാംസ്‌കാരിക മേഖലയിലുമാണ് പ്രവർത്തിക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഒരു കേന്ദ്രം ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യാപക, അനധ്യാപക, ഗവേഷകവിദ്യാർഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകൽപ്പന അടക്കമുള്ളവയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

സെന്റർ ഓഫ് എക്സലൻസ് ഫോർ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ്,

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി രൂപകല്പന, സിലബസ് തയ്യാറാക്കൽ, മൂല്യനിർണ്ണയ തന്ത്രങ്ങൾ, ടെക്നോളജി ഉപയോഗിച്ചുള്ള ബോധനരീതികൾ എന്നിവയിൽ അധ്യാപകർക്ക് നിരന്തരമായ പരിശീലനം നൽകുന്നതിലും ഈ മേഖലയിൽ ഗവേഷണം നടത്തി ആധുനികമായ അറിവുകൾ ഉൽപാദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. അധ്യാപകർക്കും എജ്യുക്കേഷണൽ അഡ്മിനിസ്ട്രേറ്റർമാർക്കും വിദ്യാർഥികൾക്കും നേതൃത്വ പരിശീലനം നൽകുന്നതുമാകും ഈ കേന്ദ്രം. ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെപ്പറ്റി ഗവേഷണം മുന്നോട്ടുകൊണ്ടുപോകുക വഴി നയരൂപകർത്താക്കൾക്കും ഈ കേന്ദ്രം സഹായമേകും. കാലിക്കറ്റ് സർവകലാശാലയാണ് കേന്ദ്രത്തിന് പരിഗണിക്കുന്നത്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നോവേഷൻ(കെഐഎസ്ടിഐ)

കേരള സർക്കാരിന്റെയും കേരളവംശജരായ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും മനുഷ്യസ്‌നേഹികളുടെയും കൂട്ടുപങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സഹകരണസംരംഭമായിട്ടാവും ഈ കേന്ദ്രം. വിപുലമായ ശാസ്ത്രഗവേഷണത്തിനുള്ള പ്രധാന അന്തർദേശീയ കേന്ദ്രമായി ഇതിനെ വികസിപ്പിക്കും.

സുസ്ഥിരമായ ഇന്ധനങ്ങൾ, മാലിന്യ സംസ്‌കരണം, നാനോ ടെക്‌നോളജി, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, സിസ്റ്റംസ് ബയോളജി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, എനർജി എൻജിനീയറിംഗ് തുടങ്ങി ഉയർന്നുവരുന്ന വിവിധ വിഷയമേഖലകളിൽ അന്താരാഷട്രതലത്തിൽ സംഭാവന ചെയ്യാവുന്ന ഗവേഷക സമൂഹത്തെ സൃഷ്ടിക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾ ഈ കേന്ദ്രത്തിൽ നടക്കും. കുസാറ്റിലാണ് കേന്ദ്രം സ്ഥാപിക്കാൻ ആലോചിക്കുന്നത്.

ദി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൻഡർ ഇക്വാലിറ്റി (കെഐജിഇ)

ലിംഗപദവി പഠനത്തിന്റെ എല്ലാ മേഖലകളിലേക്കും ഇന്റർഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി ഗവേഷണങ്ങൾ വ്യാപിപ്പിക്കാനും നിലവിലുള്ള പഠനവകുപ്പുകളുമായും മറ്റ് ലിംഗപദവി പഠന കേന്ദ്രങ്ങളുമായും നെറ്റ്‌വർക്കിംഗും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവർത്തങ്ങൾ ഈ സെന്റർ ഏറ്റെടുക്കും. ഘട്ടംഘട്ടമായി ലിംഗസമത്വം സ്ഥാപിച്ചെടുക്കുക, നയരൂപീകരണവും ബജറ്റിങ്ങും പോലെയുള്ള എല്ലാ പ്രക്രിയകളിലും മറ്റു സമാന മേഖലകളിലും ലിംഗസമത്വ വീക്ഷണം കൊണ്ടുവരിക, രാജ്യത്തിനകത്തും പുറത്തുമുള്ള ലിംഗ അസമത്വങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിത്തമുണ്ടാവുക, സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾക്കും ലിംഗപദവി പഠനഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെട്ട അറിവും ഓൺലൈൻ വിഭവങ്ങളും കൈമാറുക എന്നിവ ഈ കേന്ദ്രം ഉറപ്പാക്കും. കണ്ണൂർ സർവകലാശാലയിലാവും കേന്ദ്രം.

കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് (കെഎൽഎൻ)

മലയാളം ഉൾപ്പെടെ വിവിധ ഭാഷകളെ വിജ്ഞാനത്തിന്റെ ഭാഷയായി വികസിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങൾ ഏറ്റെടുക്കുക, ഭാഷകളെ പ്രോത്സാഹിപ്പിക്കുകയും സംസ്‌കാരങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു ചലനാത്മക സ്ഥാപനമായി മാറുക, വിദേശ ഭാഷകളിൽ വിവിധ തലത്തിലുള്ള പഠനങ്ങളും പരിശീലനവും നൽകുക എന്നിവയ്ക്കാണീ കേന്ദ്രം. മലയാളം സർവകലാശാലയും കാലടി സർവകലാശാലയുമാണ് ഈ കേന്ദ്രത്തിനു പരിഗണനയിൽ.

Author

Leave a Reply

Your email address will not be published. Required fields are marked *