സിവിൽ സ്റ്റേഷന്‍ 24×7 പ്രവര്‍ത്തനസജ്ജമാക്കി ആയിരത്തിലധികം ജീവനക്കാര്‍
മേപ്പാടി – മുണ്ടക്കൈ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിൽ ചിട്ടയായി പ്രവർത്തിക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതലകള്‍ നിര്‍വഹിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ കൽപ്പറ്റയിലെ സിവിൽ സ്റ്റേഷനും ചൂരൽമലയിലെ താല്‍ക്കാലിക കണ്‍ട്രോള്‍ റൂമും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു.
രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ടെക്‌നിക്കല്‍ ടീം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, വിവരശേഖരണം, ആരോഗ്യ പ്രശ്‌നബാധിതരുടെ പരിപാലനം, മൃതശരീരങ്ങളുടെ സൂക്ഷിപ്പ്-കൈമാറ്റം-സംസ്‌കരണം, കാണാതായവരുടെ വിവരശേഖരണം, അതിഥി തൊഴിലാളികളുടെ പരിചരണം, വളണ്ടിയര്‍ മാനേജ്‌മെന്റ്-രജിസ്‌ട്രേഷന്‍, ഡാറ്റാ മാനേജ്‌മെന്റ്, കോള്‍ സെന്റര്‍ മാനേജ്‌മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണം-വിതരണം, കൗണ്‍സിലിങ് സേവനം, വെഹിക്കിള്‍ മാനേജ്‌മെന്റ്, മാലിന്യ സംസ്‌കരണം എന്നിങ്ങനെ 15ലധികം സംഘങ്ങളിലായി ആയിരത്തിലധികം ജീവനക്കാരാണ് കളക്ടറേറ്റിലും മുണ്ടക്കൈ- ചൂരല്‍മലയിലുമായി പ്രവര്‍ത്തിക്കുന്നത്.
ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രതിദിന റിപ്പോര്‍ട്ടുകള്‍ സർക്കാറിലേക്ക് ലഭ്യമാക്കുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വാഹനങ്ങള്‍, ഉപകരണങ്ങള്‍, ഇന്ധനം തുടങ്ങിയവ ഉറപ്പാക്കുകയുമാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ടീമിൻ്റെ ചുമതല. ക്യാമ്പുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കല്‍, അധികമായി വരുന്ന ക്യാമ്പുകളുടെ സ്ഥലം കണ്ടെത്തല്‍, ഭക്ഷണം, ശുചിത്വം, കൗണ്‍സിലിങ്, സന്ദര്‍ശകര്‍ക്കുള്ള റിസപ്ഷന്‍ എന്നിവ ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുള്ളവര്‍ ഏകോപിപ്പിക്കുന്നു.
ക്യാമ്പിലെ ‘ആരോഗ്യ പ്രശ്‌നമുള്ള അന്തേവാസികളെ കണ്ടെത്തി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത് ആരോഗ്യ വകുപ്പിന്‍റെ സംഘമാണ്. ക്യാമ്പുകളിലെ രോഗബാധിതരുടെ പരിചരണവും ഇവര്‍ ഉറപ്പാക്കുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം എന്നിവക്ക് ആവശ്യമായ വാഹനങ്ങള്‍ ഉറപ്പാക്കുകയാണ് വെഹിക്കിള്‍ മാനേജ്‌മെന്റ്. ദുരന്തമേഖലയിലും ക്യാമ്പുകളിലും കണ്ടെത്തുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മാലിന്യസംസ്‌കരണ വിഭാഗം നടപടി സ്വീകരിക്കുന്നുണ്ട്.