ഉരുള്‍ ജല പ്രവാഹത്തിൽ മുണ്ടക്കൈയിൽ നിന്നെത്തിയ ആദ്യ ഫോൺ കോള്‍ മുതൽ രാപകലില്ലാതെ ദുരന്തമേഖലയിൽ സാന്നിധ്യമാണ് സംസ്ഥാന അഗ്നി രക്ഷാ സേന. കേന്ദ്രസേനകളും മറ്റ് രക്ഷാസംഘങ്ങളും എത്തുന്നതിനും മുമ്പെ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ദുരിതബാധിതരിലേക്ക് രക്ഷയുടെ കരങ്ങളെത്തിക്കുകയായിരുന്നു അഗ്നി രക്ഷാ സേനാംഗങ്ങള്‍.
സേനയിലെ 600 പേരാണ് ദുരന്തമുഖത്ത് ഏഴാം ദിവസവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കൊച്ചിയില്‍ നിന്നുമെത്തിയ സ്‌കൂബ ഡൈവിങ്ങ് വിങ്ങിലെ അറുപത് പേരടങ്ങിയ സംഘവും രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഇവിടെ സജീവം.. പ്രളയസമാനമായി വെള്ളം ഉയര്‍ന്ന ചൂരല്‍ മലയിലെ കുത്തൊഴുക്കുകളെ മറികടന്ന് മുണ്ടൈക്കയിലേക്കെത്തിയ സ്‌കൂബ ടീം കരയിലും ഒരു പോലെ പ്രവര്‍ത്തിച്ചു.
വീടുകള്‍ക്കുള്ളില്‍ കുടങ്ങിയവരെയും ഒറ്റപ്പെട്ടവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ അഗ്നിരക്ഷാ സേന കൂടുതലായി എത്തിയതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇതിന് തുടര്‍ച്ചയായി ദുരന്തമുഖങ്ങളില്‍ കൂടുതല്‍ പരിശീലനം ലഭിച്ച ഫയര്‍ റെസ്‌ക്യു സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, റോപ് റെസ്‌ക്യു ടീം, സിവില്‍ ഡിഫന്‍സ് ടീം, ആപ്താ റെസ്‌ക്യു വളണ്ടിയേഴ്‌സ് എന്നിവരും രംഗത്തെത്തി.
റീജിയണല്‍ ഫയര്‍ ഓഫീസര്‍മാരായ പി.രജീഷ്, അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ തന്നെ ഈ മേഖലയില്‍ നിന്നും കല്‍പ്പറ്റയിലെ ഫയര്‍ഫോഴ്‌സ് ഓഫീസിലേക്ക് പ്രദേശവാസിയുടെ വിളി എത്തി.. കനത്ത മഴയെ അവഗണിച്ച് 15 അംഗ സംഘം ചൂരൽമലയിലേക്ക് കുതിച്ചു. മേപ്പാടി പോളിടെക്നിക് കോളേജിന് സമീപം വഴിയിൽ വീണു കിടന്ന മരം മുറിച്ചു മാറ്റി വഴിയൊരുക്കിയാണ് സംഘം യാത്ര തുടര്‍ന്നത്.
മുണ്ടക്കൈയിലേക്കുള്ള പാലം കടക്കാന്‍ ശ്രമിച്ചതോടെ പാലം തകര്‍ന്നുവീഴുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതിന് പിന്നാലെയാണ് വലിയ ശബ്ദത്തോടെ ചൂരല്‍മലയെയും ഉരുള്‍ വിഴുങ്ങുന്നത്. ഉയരത്തിലുള്ള തോട്ടത്തിലേക്ക് ഓടിക്കയറിയാണ് ഈ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കിയത്. പിന്നീടുള്ള ഭയാനകമായ കാഴ്ചകള്‍ക്കും സേനാംഗങ്ങള്‍ സാക്ഷികളായി.