ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ ഇനി അനാഥരല്ല. പരിക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകർഷകരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. നിലവിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എൻജിഒ, വോളണ്ടിയർമാർ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരൽമല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് സ്പെഷ്യൽ ഡിഫെൻസ് ഗ്രൂപ്പിനും കൈമാറിയിരുന്നു.
ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടെയുള്ള ദുരന്ത ബാധിത സ്ഥലങ്ങളിൽ നിന്നും ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൺട്രോൾ റൂമിൽ എത്തിച്ച് തുടർനടപടി സ്വീകരിക്കും. വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും ഉൾപ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവർത്തിക്കുന്നത്.