പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം അതിന് വേണ്ടി മാത്രമെ വിനിയോഗിക്കൂവെന്ന് ഉറപ്പുവരുത്തണം; പണം എന്തിനൊക്കെ വിനിയോഗിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.
വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്‍കുന്ന പണം അതിന് വേണ്ടി മാത്രമെ വിനിയോഗിക്കൂവെന്ന് ഉറപ്പുവരുത്തണം. 2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. വയനാടിന് വേണ്ടി ദുരിതാശ്വാസനിധിയിലേക്ക് എത്ര രൂപ വന്നാലും അത് വയനാടിന് വേണ്ടി വിനിയോഗിക്കണം. വയനാട്ടിലെ ഏതെല്ലാം കാര്യങ്ങള്‍ക്ക് ആ പണം ഉപയോഗിച്ചുവെന്നും വ്യക്തമാക്കണം. കുറച്ചു കൂടി വ്യക്തതയും സുതാര്യതയും ഉണ്ടാകണം. അല്ലാതെ രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. എറണാകുളത്ത് നടന്നതു പോലെ എല്ലായിട്ടും തട്ടിപ്പും വെട്ടിപ്പും നടക്കുമെന്നല്ല. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്നും പകരം രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തത് എന്തിനാണ്? അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. നല്ലകാര്യത്തിന് വേണ്ടി ഉപയോഗിക്കുമെന്ന ധാരണയിലാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തേതു പോലുള്ള സംഭവം ഇത്തവണ നടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ പറഞ്ഞെന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് സി.പി.എമ്മുകാരാണ് പ്രചരിപ്പിച്ചത്. അല്ലാതെ പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല.
പുനരധിവാസം സംബന്ധിച്ച് യു.ഡി.എഫ് വിശദമായ പ്ലാന്‍ സര്‍ക്കാരിന് നല്‍കും. 2021 മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന വാണിങ് മെക്കാനിസവും പ്രോണ്‍ ഏരിയ മാപ്പിങും അടിയന്തിരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇനി ഒരു ദുരന്തം ഉണ്ടായാലും മനുഷ്യര്‍ നഷ്ടപ്പെടരുത്.