എന്‍ ഐ ആര്‍ എഫ് റാങ്കിങില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് മികച്ച നേട്ടം

Spread the love

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദേശീയ റാങ്കിങ് സൂചിപ്പിക്കുന്ന എന്‍ ഐ ആര്‍ എഫ് (National Institutional Ranking Framework) പട്ടിക പുറത്ത് വന്നപ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളും കലാലയങ്ങളും കാഴ്ചവെച്ചത് മികച്ച പ്രകടനം. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളുടെ ലിസ്റ്റില്‍ 9 ഉം 10 ഉം 11 ഉം റാങ്കുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്കാണ്. കേരള സര്‍വകലാശാല 9-ാം റാങ്കും, കൊച്ചിന്‍ സര്‍വകലാശാല 10-ാം റാങ്കും, മഹാത്മാഗാന്ധി സര്‍വകലാശാല 11-ാം റാങ്കും കാലിക്കറ്റ് സര്‍വകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
IIT കളും IIM കളും അടക്കം സര്‍വകലാശാലകളുടേയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുപട്ടികയില്‍ കേരള സര്‍വകലാശാല 38-ാം റാങ്കും, കുസാറ്റ് 51 ഉം, മഹാത്മാ ഗാന്ധി സര്‍വകലാശാല 67 ഉം റാങ്കുകള്‍ നേടി. രാജ്യത്തെ സര്‍വകലാശാലകളുടെ മാത്രമായിട്ടുള്ള റാങ്കിങ് പട്ടിക പരിശോധിക്കുമ്പോള്‍ കേരളത്തിലെ പ്രധാന സര്‍വകലാശാലകളായ കേരള സര്‍വകലാശാല 21-ാം റാങ്കും, കുസാറ്റ് 34-ാം റാങ്കും, മഹാത്മാഗാന്ധി സര്‍വകലാശാല 37ാം റാങ്കും, കാലിക്കറ്റ് സര്‍വകലാശാല 89-ാം കരസ്ഥമാക്കിയിട്ടുണ്ട്.
കോളേജുകളുടെ പട്ടികയില്‍ ആദ്യ 100 ല്‍ 16 കോളേജുകളും ആദ്യ 200 ല്‍ 42 കോളേജുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ 300 ല്‍ 71 കോളേജുകളാണ് കേരളത്തില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ളത്. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് 20-ാം റാങ്കും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 22-ാം റാങ്കും, എറണാകുളം സെന്റ് തെരേസാസ് കോളേജ് 46-ാം റാങ്കും, സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര 48-ാം റാങ്കും, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും, എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കും നേടിയിട്ടുണ്ട്.
ആദ്യ 100ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (റാങ്ക് – 22), ഗവ. വിമന്‍സ് കോളേജ് (റാങ്ക് – 49), എറണാകുളം മഹാരാജാസ് കോളേജ് (റാങ്ക് -53), പാലക്കാട് വിക്ടോറിയ കോളേജ് (റാങ്ക് -84) എന്നീ 4 ഗവണ്‍മെന്റ് കോളേജുകളും ആദ്യ 150 ല്‍ ഈ നാല് കോളേജുകള്‍ക്ക് പുറമേ ബ്രണ്ണന്‍ കോളേജ്, ആറ്റിങ്ങല്‍ ഗവ കോളേജ്, കോഴിക്കോട് മീന്‍ചന്ത ആര്‍ട്സ് & സയന്‍സ് കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവയും 151 മുതല്‍ 200 ബാന്റില്‍ നെടുമങ്ങാട് ഗവ കോളേജും പട്ടാമ്പി ഗവ കോളേജും ഉള്‍പ്പെട്ടിട്ടുണ്ട്. NIRF റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ആദ്യ 300 കോളേജുകളില്‍ 71 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്, അതില്‍ 16 എണ്ണം ഗവണ്‍മെന്റ് കോളേജുകളാണ്. എഞ്ചിനീയറിംഗ് കോളേജ് വിഭാഗത്തില്‍ സി.ഇ.റ്റി. തിരുവനന്തപുരം 101 മുതല്‍ 150 വരെ ബാന്റില്‍ ഇടം പിടിച്ചു. ഗവ. കോളേജ് തൃശ്ശൂര്‍ ആദ്യ 201 മുതല്‍ 300 വരെയുള്ള ബാന്റിലും ഇടം നേടി. കഴിഞ്ഞ വര്‍ഷത്തെ യൂണിവേഴ്സിറ്റി റാങ്കിങ്ങുകള്‍ പരിശോധിക്കുമ്പോള്‍ ഓവറോള്‍ വിഭാഗത്തില്‍ കേരള യൂണിവേഴ്സിറ്റി കഴിഞ്ഞ വര്‍ഷത്തെ 47-ാം സ്ഥാനത്തു നിന്നും 38-ാം സ്ഥാനത്തേക്കും, കുസാറ്റ് 63-ാം സ്ഥാനത്തു നിന്നും 51-ാം സ്ഥാനത്തേക്കും മുന്നേറി. NUALS ലോ വിഭാഗത്തില്‍ 38-ാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *