11 പ്രവാസികൾക്ക് നോർക്ക സംരംഭകവായ്പകൾ കൈമാറി

Spread the love

പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്‌സും ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (ടി.പി.ഡി.സി.എസ്) സംയുക്തമായി സംഘടിപ്പിച്ച വായ്പാകൈമാറ്റ ചടങ്ങിൽ 11 പ്രവാസിസംരംഭകർക്കായി ഒരു കോടിരൂപയുടെ വായ്പകൾ കൈമാറി. ട്രേഡിങ്/ ഡിസ്ട്രിബ്യൂഷൻ, കാറ്ററിംഗ്, കൃഷി, ഫർണിച്ചർ ഷോപ്പ്, മെഡിക്കൽ ഷോപ്പ്, സ്റ്റേഷനറി കട, ടെക്‌സ്‌റ്റൈൽ ഷോപ്പ്, മത്സ്യവിപണനം, ഡെയറിഫാം എന്നീ മേഖലകളിലുളള പദ്ധതിക്കാണ് വായ്പ ലഭ്യമാക്കിയിട്ടുളളത്. സംരംഭങ്ങൾ ഏതൊരുനാടിന്റെയും വളർച്ചയുടെ സൂചകങ്ങളാണ്. കേരളം ഇന്ന് രാജ്യത്തെ മികച്ച സംരംഭകസൗഹൃദ സംസ്ഥാനമാണെന്ന് ഉദ്ഘാടനവും വായ്പാവിതരണവും നിർവ്വഹിച്ച പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു. ചെറുതും വലുതുമായ ഏതു സംരംഭങ്ങൾക്കും കേരളത്തിൽ മികച്ച വളർച്ചാസാധ്യതകളാണുളളത്. അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ ഏതു ബിസിനസും വിജയിപ്പിക്കാൻ കഴിയുമെന്നും പുതിയ സംരംഭകർക്ക് ആശംസകളറിയിച്ച് അദ്ദേഹം പറഞ്ഞു.

തിരിച്ചെത്തുന്ന സാധാരണക്കാരായ പ്രവാസികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിൽ നോർക്ക റൂട്ട്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സി.ഇ.ഒ അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നോർക്ക സെന്ററിൽ നടന്ന വായ്പാകൈമാറ്റ ചടങ്ങിൽ എൻ.ആർ.ഐ കമ്മീഷൻ അംഗം ഗഫൂർ പി. ലില്ലീസ്, വെൽഫെയർ ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി എന്നിവർ ആശംസകളും ടി.പി.ഡി.സി.എസ് പ്രസിഡന്റും പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടറുമായ സജീവ് തൈയ്ക്കാട് സ്വാഗതവും, സെക്രട്ടറി രേണി വിജയൻ നന്ദിയും പറഞ്ഞു. ടി.പി.ഡി.സി.എസ് ഡയറക്ടർമാർ, പ്രവാസിസംരംഭകർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് വായ്പകൾ ലഭ്യമാക്കുക. സംരംഭകവായ്പകൾക്ക് മൂലധന, പലിശ സബ്‌സിഡി പദ്ധതിവഴി ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *