ആറാമത് ആഗോള ആയുർവേദ ഉച്ചകോടിക്കും, കേരള ഹെൽത്ത് ടൂറിസത്തിന്റെ 11മത് പതിപ്പിനും കൊച്ചി വേദിയാകുന്നു

Spread the love

തിരുവനന്തപുരം : ആറാമത് ആഗോള ആയുർവേദ ഉച്ചകോടിക്കും 11 ാമത്തെ കേരള ഹെൽത്ത് ടൂറിസം പതിപ്പിനും ഈ വരുന്ന ഓഗസ്റ്റ് 29, 30 തീയതികളിൽ എറണാകുളം അങ്കമാലി അഡല്ക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുമെന്ന് ആഗോള ആയുർവേദ ഉച്ചകോടി ചെയർമാൻ ഡോ. സജി കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആഗോള ഹെൽത്ത് ടൂറിസത്തിൽ കേരളം മികച്ച ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരമൊരു ഉച്ചകോടി കേരളത്തെ ആഗോള മെഡിക്കൽ വാല്യൂ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ആയുഷ് മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ആഗോളതലത്തിൽ ആയുർവേദമെന്ന പൗരാണിക ചികിത്സാ രീതി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ്. ആയുർവേദത്തിന്റെ അനവധി അവസരങ്ങൾ ഉപയോഗിക്കുന്നതിനും ഭാവിയിലെ അതിന്റെ എണ്ണമറ്റ സാദ്ധ്യതകളെക്കുറിച്ചു തല്പരരായവർക്ക് ആശയ വിനിമയം നടത്തുന്നതിനും അവരുടെ സംരംഭക ആശയങ്ങൾക്ക് അവസരം ഒരുക്കുന്നതിനും ഈ ഉച്ചകോടി അവസരം ഒരുക്കും. ബ്രാൻഡിംഗ്, ഗവേഷണം, നിർമിത ബുദ്ധി, സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ ആയുർവേദത്തെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നതാണ് ഉച്ചകോടിയുടെ തീം.

80 ഓളം പ്രദർശകരും 3000 വാണിജ്യ സന്ദർശകരും ഉച്ചകോടിയിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് കേരള ഹെൽത്ത് ടൂറിസം ചെയർമാൻ ഡോ. മാർത്താണ്ഡൻ പിള്ളപറഞ്ഞു. ഒമാൻ, ബംഗ്ലാദേശ്, സ്വിറ്റ്സർലൻഡ്, റഷ്യ, ഫ്രാൻസ്, കെനിയ, ടാൻസാനിയ, ശ്രീലങ്ക, ചെക്ക് റിപ്പബ്ലിക്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

വിദഗ്ദ്ധരുടെയും, ചിന്തകരുടെയും, നേതാക്കളുടെയും ഒരു സംഗമ വേദിയാകും ഈ ഉച്ചകോടി. മെഡിസിൽ വാല്യൂ ടൂറിസം, ആയുർവേദത്തിന്റെ നവീകരണം, ഗവേഷണം, സ്റ്റാർട്ടപ്പ് അവസരങ്ങൾ, ആയുർവേദ ഉൽപ്പന്നങ്ങളുടെ ആഗോള വിപണി തുടങ്ങി നിരവധി സാധ്യതകൾ ഉച്ചകോടിയുടെ ഭാഗമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Adarsh Onnatt

Author

Leave a Reply

Your email address will not be published. Required fields are marked *