കൊച്ചി: സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പുറത്തു വിട്ട ഭാഗം ഞെട്ടിക്കുന്നതാണ്. സിനിമ മേഖലയില്‍ ലൈംഗിക ചൂഷണവും ക്രിമിനല്‍വത്ക്കരണവും അരാജകത്വവും ഉള്‍പ്പെടെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപോലൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടും അത് പുറത്തുവിടാതെ അതിന്മേല്‍ അടയിരുന്നത് എന്തിന് വേണ്ടിയായിരുന്നു? സ്ത്രീപക്ഷ വര്‍ത്തമാനം പറയുന്നവര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ സ്ത്രീവിരുദ്ധത നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതും റിപ്പോര്‍ട്ട് പുറത്തുവിടാത്തതും ആരെ രക്ഷിക്കാനാണെന്നും ആര്‍ക്കു വേണ്ടിയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.
റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം. ലൈംഗിക ചൂഷണത്തിനും ക്രിമിനല്‍വത്ക്കരണത്തിനും ലഹരി ഉപയോഗത്തിനും എതിരെ അന്വേഷണം നടത്തണം. ലൈംഗിക ചൂഷണം സംബന്ധിച്ച അന്വേഷണത്തിന് സീനിയര്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം. എത്ര വലിയ കൊമ്പന്‍മാരാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയെന്നത് സര്‍ക്കാരിന്റെ ചുമതലയാണ്.
ഒരു തൊഴില്‍ മേഖലകളിലും ചൂഷണം നടക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിലാണ് ഇതുപോലെ ലൈംഗിക ചൂഷണം നടന്നതെങ്കില്‍ നടപടി എടുക്കുമായിരുന്നല്ലോ. പോക്സോ കേസുകള്‍ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിയന്തിരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഏത് തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷയോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. ഇത് കേരളത്തിന് തന്നെ അപമാനമാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനത്തോടെ തൊഴിലെടുക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ഉണ്ടെന്ന് മനസിലായിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കുറ്റകരമാണ്. തെളിവുകളും മൊഴികളുമുള്ള റിപ്പോര്‍ട്ട് കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചതിലൂടെ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തത്. ക്രിമിനല്‍ ഒഫന്‍സ് അറിഞ്ഞിട്ടും നടപടി എടുക്കാതെ മറച്ച് വയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരും മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇഷ്ടക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണോ നാലരക്കൊല്ലം റിപ്പോര്‍ട്ടിന് മേല്‍ അടയിരുന്നതെന്ന് സര്‍ക്കാര്‍ പറയണം.