ഗ്യാലക്സി ചിട്ടികളുടെ ശാഖാതല സമ്മാന വിതരണത്തിന് തുടക്കമായി

Spread the love

5,000 ലധികം ഖാദി ഉത്പന്നങ്ങൾ കെ.എസ്.എഫ്.ഇ സമ്മാനമായി.

നൽകുന്നത് മാതൃകാപരം: മുഖ്യമന്ത്രി

* ഓണം ഖാദി മേളയ്ക്ക് തുടക്കം
കെ എസ് എഫ് ഇ നടത്തുന്ന ഗ്യാലക്‌സി ചിട്ടികളുടെ ശാഖാതല സമ്മാനങ്ങളായി ഓരോ ചിട്ടിയിലും പത്തിൽ ഒരാൾക്ക് 3,500 രൂപ വിലവരുന്ന ഖാദി വസ്ത്രങ്ങൾ നൽകുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ എസ് എഫ് ഇ ഗാലക്സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാന വിതരണവും

ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
25,000 ത്തിലധികം ഖാദി വസ്ത്രങ്ങളാണ് ഇതിലൂടെ വിതരണം ചെയ്യപ്പെടുന്നത്. മലയാളിയുടെ നിത്യജീവിതവുമായി ഇഴചേർന്നു കിടക്കുന്ന ഒരു സ്ഥാപനമാണ് കെ എസ് എഫ് ഇ. ഏത് സാമ്പത്തിക ആവശ്യത്തിനും ആശ്രയിക്കാവുന്ന സ്ഥാപനം ഏത് എന്ന് ചോദിച്ചാൽ ചുരുക്കം ചില പേരുകൾ മാത്രമേ നമുക്ക് ഓർമ്മ വരികയുള്ളൂ. അതിലൊന്നാണ് കെ എസ് എഫ് ഇ. ഈ ഓണക്കാലത്ത് ഖാദി ബോർഡുമായി ചേർന്ന് ഇത്തരമൊരു സംരംഭത്തിന് കെ എസ് എഫ് ഇ മുൻകൈയെടുത്തുവെന്നത് ശ്രദ്ധേയമാണ്. തീർച്ചയായും ഖാദിമേഖലയ്ക്കാകെ ഉണർവ്വ് പകരുന്നതാവും ഈ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണം ഖാദിമേളയുടെ ഭാഗമായി ഓണക്കാലത്ത് 30 ശതമാനം വരെ വിലക്കിഴിവിൽ ഖാദി വസ്ത്രങ്ങൾ ഖാദി ബോർഡിന്റെയും അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ഷോറൂമുകളിൽ നിന്നും ഗുണഭോക്താക്കൾക്ക് ലഭിക്കും. ഖാദി ബോർഡ് ഏർപ്പെടുത്തിയിരിക്കുന്ന സമ്മാന കൂപ്പണുകൾ ഉപയോഗിച്ച് ഖാദി വസ്ത്രങ്ങൾ വാങ്ങാനാകും. സർക്കാർ, അർദ്ധസർക്കാർ, ബാങ്ക്, പൊതുമേഖലാ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വാങ്ങുവാൻ കഴിയും.

ഒരു വ്യാവസായിക ഉത്പന്നം എന്നതിലുപരി ഖാദിക്ക് സാംസ്‌കാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യം കൂടിയുണ്ട്. ‘നമ്മൾ നൂറ്റ നൂലുകൊണ്ട് നമ്മൾ നെയ്ത വസ്ത്രംകൊണ്ട്, നിർമ്മിതം ഇത് അനീതിക്കൊരന്ത്യാവരണം’ എന്നാണ് അന്ന് മലയാളി പാടിയത്. അതുകൊണ്ടുതന്നെ നമ്മുടെ സംസ്‌കാരവുമായും ചരിത്രവുമായും ഒക്കെ ഇഴപിരിയാത്ത ബന്ധം ഖാദിക്കുണ്ട്. വൈദേശികാധിപത്യത്തിൽ നിന്നു മോചനം നേടാനായി നമ്മുടെ നാട് നടത്തിയ സമരങ്ങളിൽ ഒരായുധമായി പ്രയോഗിക്കപ്പെട്ട ഉത്പന്നമാണ് ഖാദി. കേരളത്തിലെ ഖാദി തൊഴിലാളികൾക്ക് ഉത്പാദന ഇൻസെന്റീവും ഇൻകം സപ്പോർട്ടും സംസ്ഥാന നൽകുന്നുണ്ട്. ഇന്ത്യയിൽ ഇത്തരത്തിൽ സഹായം നൽകുന്ന മറ്റൊരു സംസ്ഥാനവും ഇല്ല. ഖാദിതൊഴിലാളികൾക്കുള്ള ഒരു ക്ഷേമനിധി ബോർഡും കേരളം രൂപീകരിച്ചിട്ടുണ്ട്. ഇതൊക്കെ ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തുന്ന ഇടപെടലുകളാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *