ദുരിതാശ്വാസ ക്യാമ്പിലായിരുന്ന 7 വയസുകാരിയ്ക്ക് ഹൃദ്യം പദ്ധതി വഴി അടിയന്തര ശസ്ത്രക്രിയ

Spread the love

ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മലപ്പുറം പോത്തുകല്ല് അപ്പന്‍ കാപ്പ് നഗര്‍ ആദിവാസി മേഖലയിലെ 7 വയസുകാരിയ്ക്ക് ഹൃദ്യം പദ്ധതി വഴി അടിയന്തര ചികിത്സ ഒരുക്കി ആരോഗ്യവകുപ്പ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് രണ്ടാഴ്ച മുമ്പ് മാറ്റി പാര്‍പ്പിച്ച കുട്ടിയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞാണ് അടിയന്തര ശസ്ത്രകിയാ സംവിധാനമൊരുക്കിയത്. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി വഴി തികച്ചും സൗജന്യമായാണ് കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയ ഹൃദ്യം ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ചാലിയാര്‍ പുഴ പരിസരത്ത് മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍കണ്ട് കഴിഞ്ഞ അഞ്ചാം തീയതിയാണ് കുട്ടിയുടെ കുടുംബത്തെ മുണ്ടേരി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. കുട്ടിയ്ക്ക് കുറേ നാളുകളായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തുടര്‍ചികിത്സ നല്‍കി വരികയായിരുന്നു. പോത്ത്കല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ് കുട്ടിയുടെ അവസ്ഥ മനസിലാക്കി അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഹൃദ്യം ടീം ഇടപെട്ട് കുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമൊരുക്കി. പോത്ത്കല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഹൃദ്യം പദ്ധതിയിലൂടെ തുടര്‍ ചികിത്സ നല്‍കിയിരുന്ന എംപാനല്‍ ചെയ്ത ആശുപത്രിയായ കൊച്ചി അമൃതയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *