രാജ്യത്തിൻ്റെ റോബോട്ടിക്സ് ഹബ്ബാവുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഉറച്ച ചുവടുവയ്പുകളുമായി കേരളം മുന്നേറുകയാണ് – മുഖ്യമന്ത്രി

Spread the love

രാജ്യത്തിൻ്റെ റോബോട്ടിക്സ് ഹബ്ബാവുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഉറച്ച ചുവടുവയ്പുകളുമായി കേരളം മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ തുടങ്ങും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ്‌ അന്താരാഷ്‌ട്ര റൗണ്ട് ടേബിളിന്റെ സമാപനച്ചടങ്ങിൽ വച്ച് അതിൻ്റെ പ്രഖ്യാപനം നടക്കുകയുണ്ടായി. 195 സ്റ്റാർട്ടപ്പുകളും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുത്ത റോബോട്ടിക്സ്‌ റൗണ്ട് ടേബിൾ സമ്മേളനത്തിൽ കേരളത്തിലെ റോബോട്ടിക്സ് മേഖലയിൽ നിന്ന് ലോകവിപണിയിലേക്ക് കടന്നുവന്ന നിരവധി കമ്പനികൾ ഉണ്ടായിരുന്നു.

വ്യവസായ വകുപ്പിൻ്റെ 22 മുൻഗണനാമേഖലകളിൽ റോബോട്ടിക്സിനെ ഉൾപ്പെടുത്തിട്ടുണ്ട്. റോബോട്ടിക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സ്‌കെയിൽ അപ് ലോൺ ഒരു കോടിയിൽ നിന്ന് രണ്ടുകോടിയായി സർക്കാർ വർധിപ്പിക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രവർത്തനമൂലധനം വർധിപ്പിക്കുന്നതോടൊപ്പം റോബോട്ടിക്‌സ് സ്റ്റാർട്ടപ്പുകൾക്ക് സ്ഥലസൗകര്യം ഒരുക്കൽ, മാർക്കറ്റിങ് പിന്തുണ എന്നിവയും പരിഗണിക്കുന്നു.
വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിചയപ്പെടുത്താനും പരിശീലനം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ 2000 വിദ്യാലയങ്ങളിൽ 9000 റോബോട്ടിക് ലാബുകൾ ആണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതു കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 20,000 റോബോട്ടിക് കിറ്റുകൾ കൂടി നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. ഒക്ടോബർ മാസത്തോടെ ഇവയുടെ വിതരണം നടത്താനുള്ള സജ്ജീകരണം പൂർത്തിയാക്കി. ഇത്തരത്തിൽ വളരെ വിപുലമായ പ്രവർത്തനങ്ങളാണ് റോബോട്ടിക്സ് മേഖലയുടെ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഈ പദ്ധതികൾ തൊഴിൽ-വൈജ്ഞാനികമേഖലകളിൽ ഉണ്ടാകുന്ന മാറ്റത്തോടൊപ്പം മുന്നേറാൻ കേരളത്തെ പര്യാപ്തമാക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *