അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത രഞ്ജിത്തിന്; ആരോപണങ്ങളില്‍ കേസെടുക്കണമെന്ന് കെ.സുധാകരന്‍ എംപി

Spread the love

ബംഗാളി നടി ശ്രീലേഖ മിത്ര

സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതരമായ ആരോപണത്തില്‍ അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പദവി രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണമാണ് ഉണ്ടാകേണ്ടത്. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ഒളിച്ചോടിയത് കുറ്റബോധം കൊണ്ടാണോയെന്ന് രഞ്ജിത്ത്

വ്യക്തമാക്കണം.ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തി രാജിവെച്ച് മാതൃകകാട്ടിയിട്ടുള്ള നിരവധി മഹാരഥന്‍മാരുടെ പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് ഞാന്‍. അതുകൊണ്ട് ഇതുപോലൊരു ഗുരുതരമായ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന രഞ്ജിത്ത് എന്റെ ധാര്‍മിക നിലപാടിന്റെ ആഴം അളക്കാന്‍ വരണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഒരു സ്ത്രീ തനിക്ക് നേരിട്ട അതിക്രമം ദൃശ്യമാധ്യമങ്ങളില്‍ തുറന്ന് പറഞ്ഞിട്ടും കേസെടുക്കാത്ത പോലീസിന്റെയും ഇടതു സര്‍ക്കാരിന്റെയും നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പ്രാഥമിക അന്വേഷത്തിന് പോലും തയ്യാറാകാതെ പരാതി ലഭിച്ചാലെ അന്വേഷിക്കുയെന്ന സര്‍ക്കാര്‍ നിലപാട് അപമാനമാണ്. രഞ്ജിത്തിന് രക്ഷാകവചം ഒരുക്കുന്നതിലൂടെ മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധത കൂടുതല്‍ പ്രകടമാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് രഞ്ജിത്തിനെതിരായ ആരോപണത്തിലും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിലും കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം പ്രഖ്യാപിക്കുകയാണ്.

ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടി ന്യായീകരിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. വേട്ടക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ ഈ നിലപാട് കാരണം ദുരനുഭവം നേരിട്ടവര്‍ക്ക് മുന്നോട്ട് വരാന്‍പോലും ഭയമാണ്. അതിലൂടെ ക്രിമിനലുകളായ മാന്യന്‍മാര്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *