കാഫിര്‍,ഹേമ കമ്മിറ്റി വിഷയം: യുഡിഫ് പ്രതിഷേധ സംഗമം സെപ്റ്റംബര്‍ 2ന്

Spread the love

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് സെപ്റ്റംബര്‍ 2 തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 10ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി,പി.ജെ.ജോസഫ്,സി.പി.ജോണ്‍,അനൂപ് ജേക്കബ്,മാണി സി കാപ്പന്‍,ഷിബു ബേബി ജോണ്‍,ജി.ദേവരാജന്‍,രാജന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള മൊഴികളില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയമിക്കണമെന്നാണ് യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പരാതി രേഖാമൂലം തന്നാല്‍ അന്വേഷിക്കാമെന്ന നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് വൈകിയെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും വേട്ടക്കാരനെ സംരക്ഷിക്കുന്ന സ്ത്രീവിരുദ്ധ നിലപാടാണ് സാംസ്‌കാരിക മന്ത്രി സ്വീകരിച്ചത്. അതിനെതിരായ ജനരോഷത്തിലാണ് സംവിധായകന്‍ കൂടിയായ രഞ്ജിത്തിന് രാജിവെയ്‌ക്കേണ്ടി വന്നത്. പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലും ജനപ്രതിനിധികള്‍ക്കിടയിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വേട്ടക്കാരുണ്ടെന്നും അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിവെച്ചത്. ജനങ്ങളുടെ ഈ സംശയം സ്ഥിരീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷവും സ്വീകരിച്ചത്.

വേട്ടക്കാരെ ന്യായീകരിച്ച സാംസ്‌കാരിക മന്ത്രി രാജിവെയക്കണം. അല്ലെങ്കില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം സാധ്യമല്ലെന്ന് സിനിമാ പ്രേമികള്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാട് തിരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കുകയും വേണം.അന്വേഷണ സംഘം എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും എംഎം ഹസന്‍ ആവശ്യപ്പെട്ടു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *