വി വേണു ഇന്നു സർവീസിൽ നിന്നും വിരമിച്ചു. സുദീർഘവും സ്തുത്യർഹവുമായ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥജീവിതത്തിനു എടുത്തു പറയേണ്ട നിരവധി നേട്ടങ്ങൾ സ്വന്തമായുണ്ട്. ഏറ്റെടുത്ത ഓരോ ഉത്തരവാദിത്തത്തിന്റെ വിജയത്തിലും ഡോ.വേണുവിന്റെ അർപ്പണമനോഭാവവും നേതൃഗുണവും പ്രതിഫലിച്ചിട്ടുണ്ട്.
ദുരന്തമുഖങ്ങളിൽ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കാനും ദുരന്തബാധിത പ്രദേശങ്ങളെ പുനരധിവാസ സജ്ജമാക്കി മാറ്റിയെടുക്കുന്ന റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് കാര്യക്ഷമമായി നിർവ്വഹിക്കാനും അദ്ദേഹത്തിനു സാധിച്ചു. ടൂറിസം സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ച ഘട്ടത്തിൽ വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളത്തിന്റെ തിളക്കമേറ്റാൻ കഴിഞ്ഞു. കേന്ദ്ര സർക്കാരിലെ തന്ത്രപ്രധാനമായ പല പദവികളും ഡോ. വേണു വഹിച്ചിട്ടുണ്ട്.
മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമല്ല, ഒരു കലാകാരൻ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. ഈ പശ്ചാത്തലം താൻ വഹിച്ച ഭരണപരമായ പല ചുമതലകളിലും സർഗാത്മകമായ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് സഹായകമായി. പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു ശ്രീ. വേണുവിനെ കേരളം സ്വാഗതം ചെയ്യുകയാണ്. ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.