പോക്സ് കേസിൽ ഇരയായ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും കോടതി വിധികളും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, കോടതികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട സമൂഹം അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻകൈ എടുക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പോക്സോ ആക്ട് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ഇരയായ കുട്ടികളോട് പെരുമാറുന്നതും പുനരധിവസിപ്പിക്കുന്നതും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഇതുവരെ നടപടിയായിട്ടില്ല. കുട്ടികൾക്കിടയിൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം നേരത്തെ തന്നെ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തതയും ഫലപ്രാപ്തിയും കാണാനുള്ള ശ്രമങ്ങൾ ബാലാവകാശ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ കടന്നു പോകുന്ന മാനസികാവസ്ഥ കഠിനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഇരകളിലും അവരുടെ കുടുംബങ്ങളിലും വലിയ ആഘാതം ഉണ്ടാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫ് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർത്തവ്യവാഹകർ എന്നിവർ സംബന്ധിച്ചു.