ആരോപണവിധേയരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.വേണുഗോപാല്‍. അന്‍വറിന്റെ ആരോപണം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, എഡിജിപി എന്നിവര്‍ക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമാണ്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്തിനാണ് എന്ന് ചോദിച്ച കെ.സി.വേണുഗോപാല്‍ ഫോണ്‍ ചോര്‍ത്തല്‍ രാഷ്ട്രീയ അനുവാദം ഇല്ലാതെ നടക്കില്ലെന്നും ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണക്കടത്ത്, ഫോണ്‍ചോര്‍ത്തല്‍, കൊലപാതകം ഇതിലെല്ലാം ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്റെ പങ്കാണ് ഭരണകക്ഷി എംഎല്‍എ ആരോപിക്കുന്നത്. അയാളെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സഹായിക്കുന്നെന്നും എംഎല്‍എ പറയുന്നു. ഇത് ഗൗരവകരമായ ആരോപണമാണ്. ഇത്രയും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ എന്തിനാണ് സര്‍വീസില്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്തുകൊണ്ട് നടപടിയെടുക്കാതെ സംരക്ഷിക്കുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ചോര്‍ത്തല്‍ ഉന്നത രാഷ്ട്രീയ അനുമതിയില്ലാതെ നടക്കുമോ? ഈ ആരോപണം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിക്കെതിരെയാണ്. ആഭ്യന്തരവകുപ്പിന്റെ പരാജയം ചൂണ്ടിക്കാണിക്കുന്ന ആരോപണം കൂടിയാണിത്. തനിക്കെതിരായി ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണത്തിന് പിന്നിലെ ചോതോവികാരം എന്താണെന്ന് ജനത്തിന് മനസിലാകും. സര്‍ക്കാരിന്റെ കൈയ്യിലുള്ള എല്ലാ വിവരങ്ങളും ഉപയോഗിക്കട്ടെ. താനുമായി ബന്ധപ്പെട്ട കേസ് അഞ്ചുകൊല്ലം കേരള പോലീസും നാലുകൊല്ലം സിബിഐയും അന്വേഷിച്ചതും അതെല്ലാം കോടതിക്ക് മുന്‍പാകെ വന്നതുമാണ്. ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ- വേണുഗോപാല്‍ വ്യക്തമാക്കി.
ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ അത്ഭുതകരമായ കാര്യമാണ്. ബിജെപി നേതാവ് ജാവദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ മൂക്കിന് കീഴെവെച്ചാണ്. അന്നതറിഞ്ഞില്ല എന്നത് തന്നെ പോലീസിന്റെ ഏറ്റവും വലിയ പരാജയമാണ്. അന്നതെല്ലാം മൂടിവച്ചിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആ കൂടിക്കാഴ്ചയുടെ പേരില്‍ നടപടിയെടുത്തത് വിരോധാഭാസമാണെന്നും വേണുഗോപാല്‍ പറഞ്ഞു.