നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ അണ്ടൂർക്കോണം സ്മാർട്ട് വില്ലേജ് ഓഫീസ് ബുധനാഴ്ച (സെപ്റ്റംബർ നാല്) വൈകിട്ട് 3.30ന് റവന്യൂ-ഭവന നിർമാണ വകുപ്പ് ഉദ്ഘാടനം ചെയ്യും. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനാകും. എം.പിമാരായ അടൂർ പ്രകാശ്, എ.എ റഹിം എന്നിവർ മുഖ്യാതിഥികളായിരിക്കും.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് റ്റി, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ അനിൽ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനുകുമാരി, തിരുവനന്തപുരം തഹസിൽദാർ ഷാജു എം.എസ് എന്നിവരും പങ്കെടുക്കും.
ആർകെഐ പദ്ധതി പ്രകാരം 44 ലക്ഷം രൂപ വിനിയോഗിച്ചാണ് അണ്ടൂർക്കോണം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നിർമിച്ചത്. കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് നിർവഹണ ഏജൻസി.
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ 11 വില്ലേജ് ഓഫീസുകളിൽ നെടുമങ്ങാട്, കരിപ്പൂര്, പള്ളിപ്പുറം, അണ്ടൂർക്കോണം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറിയിട്ടുണ്ട്. വട്ടപ്പാറ വില്ലേജ് ഓഫീസിന്റെ നിർമാണത്തിന് 2021-22 ലെ പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമായിട്ടുണ്ട്. മാണിക്കൽ, കോലിയക്കോട്, വെമ്പായം, കീഴ്‌തോന്നയ്ക്കൽ വില്ലേജ് ഓഫീസുകളുടെ നിർമാണ അനുമതിക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. കരകുളം വില്ലേജ് ഓഫീസ് നവീകരണം വഴിയും തേക്കട വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിച്ചും സ്മാർട്ട് ഓഫീസുകളാക്കി മാറ്റും.
തിരുവനന്തപുരം താലൂക്കിൽ ആകെ 31 വില്ലേജ് ഓഫീസുകളിൽ 26 വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറ്റിയിട്ടുണ്ട്.