സപ്ലൈകോ ഓണം ഫെയർ: സെപ്റ്റംബർ 5 മുതൽ 14 വരെ

Spread the love

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം സെപ്തംബർ 9 മുതൽ ആരംഭിക്കും. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. പതിമൂന്ന് ഇന സാധനങ്ങൾ അടങ്ങിയ കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലുള്ളവർക്കും വിതരണം ചെയ്യും. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നൽകും. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് പത്ത് രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകും.
ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭിക്കും.
ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കി. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്‌ലൈറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചെയ്സ് ഓർഡർ നൽകി. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വിൽപന ശാലകളിലും എത്തിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *