ശാസ്ത്രീയാവബോധവും പുരോഗമന ചിന്തയുമുള്ളവരായി വരുംതലമുറകളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ – മുഖ്യമന്ത്രി

Spread the love

ഇന്ന് അധ്യാപക ദിനം. ശാസ്ത്രീയാവബോധവും പുരോഗമന ചിന്തയുമുള്ളവരായി വരുംതലമുറകളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. അതിനാൽ കുട്ടികളുടെ വളർച്ചയെ, അതുവഴി സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ അടുത്ത് നിന്നറിയാൻ അവർക്ക് സാധിക്കുന്നു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിന് ശേഷം വയനാട്ടിലെ വെള്ളാർമല ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിക്കാനെത്തിയ അധ്യാപകന്റെ വികാരഭരിതമായ

വാക്കുകൾ നമ്മളെല്ലാം മാധ്യമങ്ങളിൽ കാണുകയുണ്ടായി. ദുരന്തത്തിൽ തകർന്നുപോയ തന്റെ സ്കൂളും ക്ലാസ് മുറികളും കണ്ട് അദ്ദേഹം മനഃപ്രയാസത്തോടെ പല ഓർമകളും പങ്കുവെച്ചു. തന്റെ കുട്ടികളോടും സ്കൂളിനോടും ആ പ്രദേശത്തോടുമുള്ള അതിരറ്റ സ്നേഹം ആ വാക്കുകളിലുണ്ടായിരുന്നു. ആ വിദ്യാർത്ഥികളിൽ പലരും ഇന്നില്ലെന്ന ദുഃഖമാണ് ആ അധ്യാപകനെ വികാരാധീനനാക്കിയത്.
എല്ലാ അധ്യാപകർക്കും തങ്ങളുടെ വിദ്യാർത്ഥികളെ കുറിച്ചും അധ്യാപക ജീവിതത്തെ കുറിച്ചും ഊഷ്മളമായ ഓർമകളുണ്ടാവും. അധ്യാപനത്തിന്റെ ഔപചാരികതകൾക്കപ്പുറം കുട്ടികളുടെ സമഗ്രമായ വളർച്ചയിൽ പങ്കുചേരുന്നുവെന്ന സാമൂഹിക ബോധമാണ് അധ്യാപകർക്കുണ്ടാവുന്നത്. ഈ ബോധം ഉയർന്ന മാനവികതയുടെ പ്രതിഫലനമാണ്. കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ളവരായി വരുംതലമുറകളെ വാർത്തെടുക്കാൻ നമുക്ക് സാധിക്കണം. അതിനുള്ള ഓർമപ്പെടുത്തലാവട്ടെ ഈ അധ്യാപക ദിനം.

 

Author

Leave a Reply

Your email address will not be published. Required fields are marked *