മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സിബിഐക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
എംഎല്‍എ ഹോസ്റ്റലിന് മുന്നിലെ ആശാന്‍സ്‌ക്വയറില്‍ നിന്നും രാവിലെ 11.30ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, എഐസിസി സെക്രട്ടറിമാരായ പി.വി.മോഹന്‍,വി.കെ.അറിവഴകന്‍,മന്‍സൂര്‍ അലിഖാന്‍,കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,എംപിമാര്‍,എംഎല്‍എമാര്‍,ഡിസിസി പ്രസിഡന്റുമാര്‍,കെപിസിസി അംഗങ്ങള്‍,തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഡിസിസി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലംവരെയുള്ള മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധമാര്‍ച്ചില്‍ അണിനിരന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പൊതുസമ്മേനത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എന്നിവര്‍ പ്രസംഗിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു സ്വാഗതവും ഡിസിസി പ്രസിഡന്റ് പാലോട് രവി നന്ദിയും പറഞ്ഞു.