ക്ഷയരോഗ നിർമാർജ്ജനത്തിൽ കേരളത്തിന്റെ മുന്നേറ്റം ശ്രദ്ധേയം

Spread the love

കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാൾവഴികൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ ‘എ പാത്ത് ടു വെൽനെസ് കേരളാസ് ബാറ്റിൽ എഗേൻസ്റ്റ് ടിബി’ എന്ന ഡോക്യുമെന്റ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷൻ പ്ലാനിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ക്ഷയരോഗത്തെക്കുറിച്ചുള്ള ചർച്ചകൾ പൊതുസമൂഹത്തിൽ ഇപ്പോൾ അധികം ഉണ്ടാകാറില്ല. കാരണം, പൊതുവേ നിർമ്മാർജ്ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാൽ ലോകത്താകെയുള്ള കണക്കുകൾ പരിശോധിച്ചാൽ അതല്ല സ്ഥിതി. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം. ക്ഷയരോഗ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ കേരളത്തിനു കഴിഞ്ഞു. കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തനം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ദേശീയ ക്ഷയരോഗ സർവേയിൽ രാജ്യത്ത് ക്ഷയരോഗ വ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഓരോ ഒരു ലക്ഷം പേരിലും 70 പേരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. നമ്മുടെ രാജ്യത്താകെ ഒരു ലക്ഷത്തിൽ 199ഉം ലോകത്താകെ ഒരു ലക്ഷത്തിൽ 133 ഉം ആളുകളെയാണ് ക്ഷയരോഗം ബാധിക്കുന്നത്. കേരളത്തിൽ ഒരു ലക്ഷത്തിൽ 7ഉം ഇന്ത്യയിൽ 34ഉം ലോകത്ത് 18 ഉം ആളുകളാണ് ക്ഷയരോഗം മൂലം മരണപ്പെടുന്നത്. കുറഞ്ഞ ശിശുമരണ നിരക്കിലെന്ന പോലെ കുറഞ്ഞ ക്ഷയരോഗ മരണ നിരക്കിലും കേരളം ലോകത്തിനു മാതൃകയാവുന്നു.
2023 ൽ കേന്ദ്ര സർക്കാർ കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇനിയും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും കൂടുതൽ പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയിൽ ഫലപ്രദമായ മാർഗനിർദേശങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡൽ ലോകത്തിന് കൂടുതൽ സംഭാവനകൾ നൽകാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകർച്ചവ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കുറവ് ടിബി റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. 2015-നെ അപേക്ഷിച്ച് ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം കുറവുണ്ടായി. ഇതിലൂടെ 2022-ൽ ദേശീയ തലത്തിൽ വെള്ളി മെഡൽ ലഭിക്കുകയും ചെയ്തു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനും പുരസ്‌കാരം ലഭിച്ചിരുന്നെന്ന് മന്ത്രി വീണജോർജ്ജ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്‌റികോ എച്ച് ഓഫ്രിൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *