10.9.2024ന്, രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ഗവൺമെന്റാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇന്നത്തെ പരാമർശം അതീവ ഗൗരവതരമാണ്. ഇത്രയും കാലം ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച ഈ ഗവൺമെന്റിനെതിരെ ബഹു : ഹൈക്കോടതി നിശിതമായ വിമർശനമാണ് നടത്തിയിരിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കേണ്ട ആവശ്യം എന്തായിരുന്നു ? ആരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു എന്നത് സർക്കാർ വ്യക്തമാക്കണം?
കോടതി വിമർശനത്തിൻ്റെ വെളിച്ചത്തിൽ ‘ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണം. കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ മൊഴികൾക്കനുസരിച്ച് എഫ് ഐ ആറുകൾ എടുക്കണം.
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ ഈ കേസുകളും ഉൾപ്പെടുത്തണം.
ഈ അന്വേഷണം ഒരു പ്രഹസനമാക്കി മാറ്റുവാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. അതിനെതിരായിട്ടാണ് ഹൈക്കോടതിയുടെ ശക്തമായ വിമർശനം.
ഹേമാ കമ്മിറ്റി റിപോർട്ടിൽ പുറത്തുവന്ന കാര്യങ്ങൾ മറച്ചുവച്ച് സർക്കാർ കൊടുക്കുന്ന സംരക്ഷണം ഇപ്പോഴും തുടരുകയാണ്.
വസ്തുതകൾ ഗവൺമെന്റ് മന:പൂർവ്വം മറച്ചു പിടിക്കുന്നു. കുറ്റക്കാരെ സംരക്ഷിക്കാനും വേട്ടക്കാരോടൊപ്പം നിൽക്കാനുമാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ഇരകൾക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്തമുള്ള ഗവൺമെൻ്റാണ് വേട്ടക്കാരോടെപ്പം നിൽക്കുന്നത്.
റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ ഇനി അമാന്തം പാടില്ല. ബഹു : ഹൈക്കോടതി ഇന്ന് നടത്തിയ വിമർശനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കാൻ ഗവൺമെന്റ് തയ്യാറാകണം.