പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞത് (12/09/2024).
ഘടകകക്ഷികളേക്കാള്‍ എല്‍.ഡി.എഫില്‍ സ്വാധീനം ആര്‍.എസ്.എസിനാണെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടു; ആര്‍.എസ്.എസിനെ വേദനിപ്പിക്കുന്നതൊന്നും പിണറായി വിജയന്‍ ചെയ്യില്ല; സി.പി.ഐക്ക് മുന്നണിയില്‍ എന്തു വിലയാണുള്ളതെന്ന് അവര്‍ തന്നെ ആലോചിക്കട്ടെ; സംഘിപ്പട്ടം തലയില്‍ കെട്ടിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനായി നില്‍ക്കുന്നു; ഇടതു സഹയാത്രികര്‍ പോലും ഈ സര്‍ക്കാരിനെ വെറുക്കുന്നു.
തിരുവനന്തപുരം : എ.ഡി.ജി.പി അജിത്കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ എല്‍.ഡി.എഫിലെ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍.എസ്.എസിനാണെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആര്‍.എസ്.എസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എ.ഡി.ജി.പി സമ്മതിച്ചിട്ടും
വിശദീകരണം ചോദിക്കാനോ നടപടി എടുക്കാനോ തയാറാകാതെ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി പറയുന്നത് സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും വലിയ തെളിവാണ്. അജിത്കുമാറിനെതിരെ നടപടി എടുത്താല്‍ അത് ആര്‍.എസ്.എസിനെ വേദനിപ്പിക്കും എന്നതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
അജിത്കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി മോശം ട്രാക്ക് റെക്കര്‍ഡോ അഴിമതിയോ ഇല്ലാത്ത മലപ്പുറം എസ്.പിക്കെതിരെ നടപടിയെടുത്തു. ആഭ്യന്തര വകുപ്പിനെതിരെ പത്തു ദിവസമായി ആരോപണം ഉന്നയിക്കുന്ന ഭരണകക്ഷി എം.എല്‍.എയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സത്യസന്ധനായ
എസ്.പിക്കെതിരെ നടപടിയെടുത്തത്. ആര്‍.എസ്.എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും സത്യസന്ധനായ ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും ചെയ്യുന്നതാണോ മുഖ്യമന്ത്രി പൊലീസ് സേനയ്ക്ക് നല്‍കുന്ന സന്ദേശം? സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന കേരള പൊലീസിനെ ഏറാന്‍മൂളികളുടെ സംഘമാക്കി പിണറായി വിജയനും സംഘവും മാറ്റി.
സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ പറഞ്ഞാലും കാര്യമില്ല, ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി എല്‍.ഡി.എഫ് യോഗത്തിന് നല്‍കിയത്. സി.പി.ഐക്ക് മുന്നണിയില്‍ എന്തു വിലയാണുള്ളതെന്ന് അവര്‍ തന്നെ ആലോചിക്കട്ടെ. സി.പി.ഐ സെക്രട്ടറി പുറത്ത് ആഞ്ഞടിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. പക്ഷെ അകത്ത് ചെന്നപ്പോള്‍ ആഞ്ഞടിച്ചോയെന്ന് അറിയില്ല. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ സി.പി.ഐയേക്കാള്‍ സ്വാധീനം ആര്‍.എസ്.എസിനാണെന്നു വ്യക്തമായി. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയം എല്‍.ഡി.എഫ് യോഗത്തിന്റെ അജണ്ടയില്‍ പോലും ഇല്ലായിരുന്നുവെന്നത് അദ്ഭുതകരമാണ്. എന്തൊരു ദയനീയമായ സ്ഥിതിയിലാണ് ഘടകകക്ഷികള്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ വാക്കിന് എന്തെങ്കിലും വിലയുണ്ടോയെന്ന് അവര്‍ തന്നെ പരിശോധിക്കട്ടെ. അവര്‍ ഇടത് മുന്നണിയില്‍ എന്തെങ്കിലും സ്വാധീനം ഉണ്ടോയെന്നും അവര്‍ ആലോചിക്കട്ടെ. അവര്‍ കുറെ ദിവസങ്ങളായി ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയമാണ് ഇടതു മുന്നണി യോഗത്തിന്റെ അജണ്ടയില്‍ പോലും ഉള്‍പ്പെടാതിരുന്നത്. എന്തൊരു അപമാനമാണ് ഘടകകക്ഷികള്‍ക്കുണ്ടായത്. മര്യാദയ്ക്ക് ഇരുന്നാല്‍ മതിയെന്ന സന്ദേശമാണ് സി.പി.എം ഘടകകക്ഷികള്‍ക്ക് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യം സി.പി.എമ്മിനു മേല്‍ മാത്രമല്ല ഘടകകക്ഷികളുടെ നേര്‍ക്കും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. താന്‍ പറയുന്നത് അനുസരിക്കുന്നവരോട് മുഖ്യമന്ത്രിക്ക് അസാധാരണമായി കരുതലാണ് ഉള്ളതെന്നു കൂടി വ്യക്തമായിരിക്കുകയാണ്.
ആര്‍.എസ്.എസിന്റെ പിന്തുണയോടെ 1977-ല്‍ കൂത്തുപറമ്പില്‍ നിന്നും ജയിച്ചു വന്ന പിണറായി വിജയനാണ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. 1989-ല്‍ ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും സി.പി.എമ്മിന് പരസ്യബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രി ആയതിന് ശേഷം ഒന്നാം നമ്പര്‍ കാര്‍ മാറി മാസ്‌കറ്റ് ഹോട്ടലില്‍ വന്ന് ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും പിണറായി വിജയനല്ലേ? നിങ്ങള്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലേയെന്ന് നിയമസഭയില്‍ മുഖത്ത് നോക്കി ചോദിച്ചപ്പോള്‍ മറുപടി പറയാതെ കുനിഞ്ഞിരുന്ന ആളാണ് മുഖ്യമന്ത്രി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്- സി.പി.എം ബാന്ധവമുണ്ടായിരുന്നെന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കര്‍ പറഞ്ഞിട്ടില്ലേ? ഞാന്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ എഴുതിയ പുസ്തകം റിലീസ് ചെയ്‌തെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് എന്നെക്കുറിച്ചല്ല, സുഖമില്ലാതെ കിടക്കുന്ന വി.എസ് അച്യുതാനന്ദനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പുസ്തകം തിരുവനന്തപുരത്ത് വി.എസ് അച്യുതാനന്ദനാണ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത്. മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന എം.പി വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അതേ പുസ്തകം തൃശൂരില്‍ പ്രകാശനം ചെയ്തത്. വിവേകാനന്ദന്‍ പറഞ്ഞ ഹിന്ദുത്വവും ആര്‍.എസ്.എസ് പറയുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് ഞാന്‍ പ്രസംഗിച്ചത്.
ആര്‍.എസ്.എസിന്റെ ഗണേശോത്സവം കഴിഞ്ഞ ദിവസം എറണാകുളത്ത് ഉദ്ഘാടനം ചെയ്‌തെന്നതാണ് എനിക്കെതിരെയുള്ള അടുത്ത പ്രചരണം. അത് ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയല്ല. എറണാകുളം ക്ഷേത്രവും ഗണേശോത്സവം ട്രസ്റ്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. എം.പിയും എം.എല്‍.എയും പങ്കെടുത്ത സമാപന പരിപാടിയാണ് ഞാന്‍ ഉദ്ഘാടനം ചെയ്തത്. ഇതേ ഗണേശോത്സവം 2018-ല്‍ ഉദ്ഘാടനം ചെയ്തത് ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രനാണെന്നത് ക്യാപ്‌സ്യൂള്‍ ഇറക്കിയ സി.പി.എം മറന്നു പോയി. സംഘി പട്ടം ഞങ്ങളുടെ തലയില്‍ കെട്ടേണ്ട. സംഘിപ്പട്ടം ഇപ്പോള്‍ തലയില്‍ കെട്ടി നില്‍ക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കാഫിര്‍ വിവാദവും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടതും തൃശൂര്‍ പൂരം കലക്കിയതുമൊക്കെ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. സി.പി.എമ്മിന്റെ കപട മതേതരത്വത്തിന്റെ മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്. മുഖ്യമന്ത്രി പരിഹാസ്യനായാണ് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഒരു പുസ്തകം എഴുതാനുള്ള ബന്ധം സി.പി.എമ്മിനും പിണറായി വിജയനും ആര്‍.എസ്.എസുമായുണ്ട്.
എ.ഡി.ജി.പിയെ സംരക്ഷിക്കുമെന്ന പരസ്യമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഗുരുതരമായ ആരോപണം ഉണ്ടായിട്ടും എ.ഡി.ജി.പിയും പി ശശിയും സ്ഥാനങ്ങളില്‍ തുടരുന്ന സാഹചര്യത്തില്‍ അന്വേഷണം എന്തൊരു പ്രഹസനമാണ്? എന്നിട്ടാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
റാംമാധവിനെ കാണാന്‍ എ.ഡി.ജി.പിക്കൊപ്പം പോയവരുടെ പേരുകള്‍ പുറത്തുവരും. സി.പി.എമ്മിലെ കൊട്ടാരവിപ്ലവത്തിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പ്രതിപക്ഷത്തിന് താല്‍പര്യമില്ല. ഞങ്ങള്‍ക്ക് പൊതുതാല്‍പര്യം മാത്രമേയുള്ളൂ. ഭരണകക്ഷി എം.എല്‍.എ പത്ത് ദിവസമായി മുഖ്യമന്ത്രിക്കെതിരെ പറയുകയാണ്. ഇപ്പോള്‍ അയാളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി നടക്കുകയാണ്. പക്ഷെ സ്പീക്കര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയതൊന്നുമല്ല. വിഷയം ലൈവായി നില്‍ക്കട്ടെയെന്നു കരുതിയാണ് സ്പീക്കര്‍ ഇറങ്ങിയത്. എന്നാല്‍ സ്പീക്കര്‍ പറഞ്ഞതിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ഇറങ്ങിയിരിക്കുകയാണ്. ആര്‍.എസ്.എസ് വലിയ സംഘടനയാണെന്നും അവരെ ബഹുമാനിക്കണമെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. എന്തൊക്കെയാണ് എല്‍.ഡി.എഫിലും സി.പി.എമ്മിലും നടക്കുന്നത്?
പൊലീസും ആരോപണം ഉന്നയിച്ചയാളും ഫോണ്‍ ചോര്‍ത്തുന്നതില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നവര്‍ പ്രതിപക്ഷ നേതാവിന്റെ ഫോണും ചേര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നതിനെതിരെ സമരം നടത്തുന്നവരാണ് ഇവിടെ ഫോണ്‍ ചോര്‍ത്തുന്നത്. എല്ലാ വിഷയങ്ങളിലും ഇരട്ടത്താപ്പാണ്.
ഇടതുപക്ഷ സഹയാത്രികര്‍ പോലും ഈ സര്‍ക്കാരിനെ വെറുക്കുകയാണ്. നേരത്തെ പേടിച്ചിട്ടാണ് പലരും മിണ്ടാതിരുന്നത്. ഇപ്പോള്‍ പറഞ്ഞു തുടങ്ങി. ബംഗാളിലേതു പോലെ കമ്മ്യൂണിസത്തെ കുഴിച്ചു മൂടിയിട്ടെ പിണറായി വിജയന്‍ പോകൂ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്നും ബംഗാളിലേതു പോലെ സി.പി.എമ്മില്‍ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം രണ്ടു വര്‍ഷമായി പറയുന്നതാണ്. ഈ മൂന്നു കാര്യങ്ങളും ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്.
എല്‍.ഡി.എഫ് കണ്‍വീനറെ പോലുള്ള പാവങ്ങള്‍ക്ക് ഇതില്‍ ഒരു കാര്യവുമില്ല. തൃപ്തിയോടയല്ല, നിവൃത്തിയില്ലാത്തതു കൊണ്ട് സംസാരിക്കുന്നു എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. എല്ലാവരുടെയും മനസ് മുഖം നേക്കിയാല്‍ തന്നെ വായിച്ചെടുക്കാം. അവസാന കാലത്ത് അല്ലെങ്കിലും ഇങ്ങനെയൊക്കെ തന്നെയാണ്.
സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കാര്‍ ബാലറ്റ് പേപ്പര്‍ കീറി കസേര ഒടിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെ എറിഞ്ഞു. അത് പൊലീസ് നോക്കി നിന്നു. ഇതാണ് പൊലീസിന്റെ സ്ഥിതി. പൊലീസിനെ തള്ളിമാറ്റിയാണ് എസ്.എഫ്.ഐ അക്രമികള്‍ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചത്. അവസാനം പൊലീസ് കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു മാറ്റി. അക്രമം ഉണ്ടാക്കിയവര്‍ വേറെ വഴിക്കു പോയി. എന്തൊരു പൊലീസാണിത്? നീതിനിര്‍വഹണത്തില്‍ പരാജയപ്പെട്ട കേരളത്തിലെ പൊലീസ് പരിഹാസ്യരായിരിക്കുകയാണ്.
ഡിവിസീവ് പൂളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 2.5 ശതമാനത്തില്‍ നിന്നും 1.92 ശതമാനമാക്കി മാറ്റിയതില്‍ പ്രതിപക്ഷത്തിനും എതിര്‍പ്പുണ്ട്. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. എന്നാല്‍ ധനകാര്യ രംഗത്തെ പിടിപ്പുകേടുകള്‍ മുഴുവന്‍ മറച്ചുവയ്ക്കുന്നതിന് വേണ്ടിയുള്ള സമരത്തിന് വിളിച്ചപ്പോഴാണ് ഞങ്ങളില്ല ഒറ്റയ്ക്കു പോയാല്‍ മതിയെന്നു പറഞ്ഞത്. ഡിവസീവ് പൂളില്‍ നിന്നും പണം നല്‍കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ കൂടി പരിഗണിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്. വന സംരക്ഷണത്തിന് വേണ്ടി പ്രത്യേക കേന്ദ്ര സഹായം വേണം. നികുതിയുടെ പുനര്‍ വിതരണത്തില്‍ മത്സ്യത്തൊഴിലാളികളെയും മലയോര മേഖലയിലെ കര്‍ഷകരെയും പ്രത്യേകമായി പരിഗണിക്കണമെന്നും ധനകാര്യ മന്ത്രിമാരുടെ കോണ്‍ക്ലേവില്‍ ആവശ്യപ്പെട്ടു.