സര്‍വകലാശാലാ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിച്ച എസ്എഫ്‌ഐക്കാരെ ചുറുത്ത കെ.എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത പൊലീസ് നടപടി അപഹാസ്യമാണ്. അക്രമം നടത്തിയ എസ്എഫ്‌ഐയ്‌ക്കെതിരെ കേസ് എടുക്കാന്‍ പോലീസിന് ധൈര്യമില്ല. പോലീസ് സേനയുടെ ആത്മവീര്യം തന്നെ തകര്‍ന്നിരിക്കുന്നു. എസ്എഫ്‌ഐ ആക്രമണം ചെറുത്ത കെ.എസ്.യുവിന്റെ ചുണക്കുട്ടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.
ചൊക്രമുടിമലയില്‍ നടന്ന റവന്യൂ ഭൂമി കയ്യേറ്റ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കലക്ടറുടെ നടപടി സ്വാഗതാര്‍ഹമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് താന്‍ ചൊക്രമുടി മല സന്ദര്‍ശിച്ച് കയ്യേറ്റത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കണമെന്നും കയ്യേറ്റക്കാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇവിടെ ഇരുന്നൂറോളം ദളിത് ആദിവാസി കുടുംബങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
കളക്ടറുടെ അന്വേഷണപരിധിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല, സിപിഐ നേതൃത്വത്തിന്റെ പങ്കും ഉള്‍പ്പെടുത്തണം. റവന്യൂ മന്ത്രിയും ഈ കയ്യേറ്റത്തിന് ഉത്തരവാദിയാണ്. സിപിഐയിലെ ഉന്നതരുടെ പങ്കും പണം കൊടുത്താല്‍ പട്ടയം ഒപ്പിച്ചു കൊടുക്കുന്ന മാഫിയയുടെ പങ്കും പുറത്തു കൊണ്ടുവരണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
സംസ്ഥാനവ്യാപമായി നടക്കുന്ന ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അനധികൃത പട്ടയം റദ്ദാക്കുകയും അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ചെടുക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.