പിഡിഡിപിയുടെ ക്ഷീരകര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

Spread the love

കൊച്ചി : ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിള്‍സ് ഡയറി ഡെവലപ്‌മെന്റ് പ്രൊജക്ട്( പിഡിഡിപി) സെന്‍ട്രല്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പിഡിഡിപിയുടെ ക്ഷീരകര്‍ഷക ക്ഷേമപ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി സൊസൈറ്റിക്ക് കീഴിലുള്ള കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കേരളം പാല്‍ ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അതിനായുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും പറഞ്ഞു. മുപ്പതിനായിരത്തിലധികം ക്ഷീരകര്‍ഷകര്‍ക്ക് പിന്തുണയായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തങ്ങളുടെ ലാഭവിഹിതം വിവിധ ക്ഷേമപദ്ധതികളിലൂടെ കര്‍ഷകരിലേക്ക് എത്തിക്കുകയാണ്. 200 ല്‍ അധികം പാല്‍ സൊസൈറ്റികളും രണ്ടായിരത്തിലധികം മില്‍ക് ബൂത്തുകളും ഒരുലക്ഷം ലിറ്റര്‍ സ്ഥാപിത ശേഷിയുള്ള അത്യാധുനിക ഡയറി പ്ലാന്റുമുള്ള പിഡിഡിപിക്ക് ക്ഷീരസംരക്ഷണ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ ബോണസ് വിതരണത്തിനായി ഒരു കോടി രൂപ ആണ് കണക്കാക്കി നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍,ത്രിതല പഞ്ചായത്ത് തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പിഡിഡിപിയിലെ കര്‍ഷകര്‍ക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചാലക്കുടി എംപി ബെന്നി ബഹന്നാന്‍ പറഞ്ഞു. ചടങ്ങില്‍ പിഡിഡിപി കര്‍ഷകര്‍ക്ക് നല്‍കുന്ന ബോണസിന്റെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. സര്‍ക്കാര്‍ നല്‍കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകുവാന്‍ സൊസൈറ്റിയുമായി സഹകരിക്കുന്ന കര്‍ഷകര്‍ക്കും അവകാശമുണ്ടെന്നും ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷീരകര്‍ഷകര്‍ക്കുള്ള ഓണക്കിറ്റ് വിതരണം കാലടി പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളിയും തീറ്റപ്പുല്‍ കൃഷി പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടനും പ്രത്യേക ധനസഹായ പദ്ധതി അങ്കമാലി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മാത്യു തോമസും ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സൊസൈറ്റിക്ക് കീഴിലുള്ള കര്‍ഷകരുടെ ഭീമസങ്കട ഹര്‍ജി പിഡിഡിപി സി. എസ് ട്രഷറർ ഒ പി മത്തായി, മന്ത്രിക്ക് കൈമാറി. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ മോൺ. ആൻ്റണി പെരുമായൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ പിഡിഡിപി സി.എസ് ചെയര്‍മാന്‍ ഫാ. തോമസ് മങ്ങാട്ട്, പിഡിഡിപി സി.എസ് സെക്രട്ടറി എ.സി ജോണ്‍സണ്‍, വൈസ് ചെയര്‍മാന്‍ ഫാ. ബിജോയി പാലാട്ടി എന്നിവര്‍ സംസാരിച്ചു.

vijin vijayappan

 

Author

Leave a Reply

Your email address will not be published. Required fields are marked *