ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്: 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകള്‍ പിടിച്ചെടുത്തു

Spread the love

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ശക്തമായ നടപടികളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായി. എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക് എന്ന പേരില്‍ പരിശോധനകള്‍ നടത്തി. ഇത്തരം മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം മനുഷ്യ ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വെറ്ററിനറി ആന്റിബയോട്ടിക് മരുന്നുകള്‍, ഫാമുകള്‍ക്കും, ആനിമല്‍ ഫീഡ് വ്യാപാരികള്‍ക്കും ഒരു മാനദണ്ഡവും പാലിക്കാതെ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക് സംഘടിപ്പിച്ചത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലെ എന്‍ഫോഴ്‌സസ്‌മെന്റ് ഉദ്യോഗസ്ഥര്‍ സംസഥാനത്തുടനീളം പെറ്റ് ഷോപ്പുകളിലും വെറ്ററിനറി മരുന്നുകള്‍ വില്‍പന നടത്തുന്ന ഔഷധ വ്യാപാര സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.

വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ആനിമല്‍/ ഫിഷ് ഫീഡുകളില്‍ ചേര്‍ക്കുന്നതിനായി വിവിധ ഫാമുകളിലേയ്ക്ക് വിതരണം നടത്തുവാനായി വാങ്ങി സൂക്ഷിച്ചിട്ടുള്ള ആന്റിബയോട്ടിക്കുകളും, കോഴികളുടെയും മറ്റ് വളര്‍ത്തു മൃഗങ്ങളുടെയും പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് വേണ്ടി നല്‍കുന്ന മരുന്ന് ശേഖരങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

മതിയായ ഡ്രഗ്സ് ലൈസന്‍സുകള്‍ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത 2 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 1,28,000 രൂപയോളം വിലപിടിപ്പുള്ള മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ആനിമല്‍ ഫീഡ് സപ്ലിമെന്റ് എന്ന വ്യാജേന, മതിയായ ഡ്രഗ്സ് ലൈസന്‍സുകള്‍ ഇല്ലാതെ നിര്‍മ്മിച്ച് വിതരണം ചെയ്ത ആന്റിബയോട്ടിക്ക് മരുന്നുകള്‍ അടങ്ങിയ ആനിമല്‍ ഫീഡ് സപ്ലിമെന്റുകള്‍, വാങ്ങി സൂക്ഷിച്ചതിനും വില്‍പന നടത്തിയതിനും 2 ഔഷധ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു. 1,04,728 രൂപയോളം വിലപിടിപ്പുള്ള ആന്റിബയോട്ടിക്ക് മരുന്നുകള്‍ അടങ്ങിയ ആനിമല്‍ ഫീഡ് സപ്ലിമെന്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

മരുന്നു സാമ്പിളുകള്‍, ആന്റിബയോട്ടിക്ക് മരുന്നുകള്‍ അടങ്ങിയ ആനിമല്‍ ഫീഡ് സപ്ലിമെന്റുകള്‍ എന്നിവ ഗുണനിലവാര പരിശോധനയ്ക്കായി ഈ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച് വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *